Asianet News MalayalamAsianet News Malayalam

ഇടിപ്പരീക്ഷയില്‍ തിളങ്ങിയില്ല !, മൂന്ന് സ്റ്റാര്‍ മാത്രം നേടി മാരുതിയുടെ ജനപ്രിയ വാഹനം

ഡ്യുവൽ എയർബാഗുകളുള്ള എസ്-പ്രസ്സോ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതായി ക്രാഷ് ടെസ്റ്റ് ഫലം കാണിച്ചു.

maruti suzuki s presso scored 3 stars at global ncap
Author
Delhi, First Published Jun 30, 2022, 8:30 PM IST

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മൂന്നു സ്റ്റാര്‍ മാത്രം നേടി മാരുതി സുസുക്കി എസ്-പ്രസ്സോ. ഗ്ലോബൽ എൻ‌സി‌എ‌പി ക്രാഷ് ടെസ്റ്റ് ഫലങ്ങൾ അനുസരിച്ച്, മാരുതി സുസുക്കി (Maruti Suzuki) എസ്-പ്രെസ്സോ മുതിർന്നവരുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനായി മൂന്ന് സ്റ്റാറുകളും കുട്ടികളുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനായി രണ്ട് സ്റ്റാറുകളും നേടി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്യുവൽ എയർബാഗുകളുള്ള എസ്-പ്രസ്സോ (Suzuki S-Presso) ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതായി ക്രാഷ് ടെസ്റ്റ് ഫലം കാണിച്ചു. എന്നിരുന്നാലും, ഡ്രൈവറുടെ നെഞ്ചിന് ദുർബലമായ സംരക്ഷണം കാണിച്ചു. ഒപ്പം ഡ്രൈവറുടെ കാൽമുട്ടുകൾക്കും നാമമാത്രമായ സംരക്ഷണമാണ് ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത്.  എസ്-പ്രസോ സുരക്ഷാ പരീക്ഷണത്തില്‍  ഡ്രൈവർക്കും യാത്രക്കാർക്കും സ്റ്റാൻഡേർഡ് എസ്ബിആർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഗ്ലോബൽ എൻസിഎപി ആവശ്യകത പാലിക്കുന്നില്ലെന്ന് സുരക്ഷാ ഏജൻസി പറഞ്ഞു.

കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, മാരുതി എസ്-പ്രസ്സോ തലയ്ക്ക് മോശം സംരക്ഷണവും നെഞ്ചിന് ദുർബലമായ സംരക്ഷണവുമാണ് നല്‍കുന്നത്. പരീക്ഷിച്ച വാഹനത്തിന് എല്ലാ സീറ്റിംഗ് പൊസിഷനുകളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ ഉണ്ടായിരുന്നില്ല. കുട്ടികളുടെ സംരക്ഷണത്തിനായി രണ്ട് പോയിന്റ് മാത്രമാണ് നേടിയത്. നേരത്തെ, ഗ്ലോബൽ എൻസിഎപി പരീക്ഷിച്ച ദക്ഷിണാഫ്രിക്കയിലെ എസ്-പ്രസോ പൂജ്യം സ്റ്റാറുകളായിരുന്നു നേടിയത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാഹനത്തില്‍ രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരുന്നു.

രാജ്യത്തെ ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച വാഹനമാണ് എസ്-പ്രെസോ. 2019-ൽ പുറത്തിറക്കിയ എസ്-പ്രെസോ, മാരുതി സുസുക്കിയിൽ നിന്നുള്ള ഒരു ജനപ്രിയ മോഡലാണ്. ഇത് പലർക്കും, പ്രത്യേകിച്ച് ആദ്യമായി കാർ വാങ്ങുന്നവർക്ക് ഒരു പ്രായോഗിക ഓപ്ഷനായി കണക്കാക്കപ്പെടുന്നു.  2019 സെപ്‍തംബര്‍ 30നാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്നാണ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2019ല്‍ എത്തുന്നത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്.

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്‍തനാക്കുന്നു.

ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്ത് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകളുണ്ട്.  അകത്തളത്തില്‍ സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയുണ്ട്. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ചേര്‍ന്നതാണ് ഡാഷ്ബോര്‍ഡ്. 

സ്റ്റിയറിങ് വീലിന് പിന്നില്‍ നിന്നും മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസുമുള്ള വാഹനത്തില്‍ ഡ്യുവല്‍ എയര്‍ബാഗടക്കം പത്തിലേറെ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും.  റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരാണ് എസ് പ്രസോയുടെ മുഖ്യ എതിരാളികള്‍. 
 

Follow Us:
Download App:
  • android
  • ios