2021 സുസുക്കി എർട്ടിഗ സ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ  (ജിഐഐഎഎസിൽ) ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 

മുംബൈ: മാരുതി സുസുMaruti suzuki) ഇന്ത്യയിൽ വിൽക്കുന്ന ജനപ്രിയ മോഡലാണ് എർട്ടിഗ എംപിവി. ഇപ്പോഴിതാ ഈ വാഹനത്തിന് ആഗോള വിപണിയിൽ ഉടൻ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യന്‍ വിപണിയില്‍ പുത്തന്‍ എര്‍ട്ടിഗയെ അവതരിപ്പിക്കാനാണ് സുസുക്കിയുടെ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് സീറ്റുള്ള എം‌പി‌വിയുമായി സാമ്യമുള്ള ഈ പുതിയ എർട്ടിഗ സ്‌പോർട്ട്(Ertiga Sport) മോഡലുകൾ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2021 സുസുക്കി എർട്ടിഗ സ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (ജിഐഐഎഎസിൽ) ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പുതിയ എർട്ടിഗ സ്‌പോർട് 125 യൂണിറ്റുകൾ മാത്രമുള്ള ഒരു ലിമിറ്റഡ് എഡിഷൻ മോഡലായിട്ടായിരിക്കും വിൽപ്പനയ്‌ക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വർഷത്തെ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയില്‍ അവതരിപ്പിക്കുന്ന രണ്ട് പുതിയ കാറുകളിലൊന്ന് ഫാമിലി കാറോ എംപിവിയോ ആയിരിക്കുമെന്ന് സുസുക്കി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ, സുസുക്കി ഒരു ടീസറും പുറത്തുവിട്ടിരുന്നു. ഈ പുതിയ സുസുക്കി മോഡലിന്റെ മുൻ ബമ്പർ ടീസറിൽ കാണിക്കുന്നു. ഇത് ഫോഗ് ലാമ്പ് സെക്ഷന് ചുറ്റും സുസുക്കി എർട്ടിഗയുടേതിന് സമാനമാണ്.

എർട്ടിഗ സ്‌പോർട് ലിമിറ്റഡ് എഡിഷൻ മുൻ തലമുറയിലെ എർട്ടിഗ സ്‌പോർട് മോഡലിനെ അടിസ്ഥാനമാക്കിയാകും ഒരുങ്ങുക. കറുത്ത റൂഫ്, കറുത്ത മിററുകൾ, സൈഡ് സ്കർട്ടുകളിൽ സ്റ്റിക്കറുകൾ എന്നിവയുള്ളതായി തോന്നുന്നു. എർട്ടിഗ സ്‌പോർട്ട് ലിമിറ്റഡ് എഡിഷനും അകത്തളത്തിൽ മാറ്റങ്ങളോടെയാണ് എത്തുന്നത്. ചുവന്ന തുന്നലോടുകൂടിയ സെമി-ലെതറിൽ പൊതിഞ്ഞ സീറ്റുകളും നവീകരിച്ച സെന്റർ കൺസോളും അവയിൽ ഉൾപ്പെടുന്നു. പുതിയ എർട്ടിഗ സ്‌പോർട്ടിന് മുൻ മോഡലിനേക്കാൾ 130 എംഎം നീളമുണ്ട്. ഇപ്പോൾ ബൂട്ടിന് 40 ലിറ്റർ വീതി കൂടിയതിനാൽ ലഗേജുകൾ കൊണ്ടുപോകാൻ കൂടുതൽ ഇടമുണ്ടാകും. രണ്ടാം നിര യാത്രക്കാർക്കുള്ള ലെഗ് റൂമും 70 എംഎം വർധിപ്പിച്ചിട്ടുണ്ട്.

ജിംനി എസ്‌യുവിക്ക് കരുത്തേകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ K15B പെട്രോൾ എഞ്ചിൻ ആയിരിക്കും എർട്ടിഗ സ്‌പോർട്ട് ലിമിറ്റഡ് എഡിഷന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ 6,000 ആർപിഎമ്മിൽ പരമാവധി 103.2 എച്ച്പി കരുത്തും 4,400 ആർപിഎമ്മിൽ 138 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തില്‍ ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം എർട്ടിഗ സ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് പ്രധാനമായും ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ അവതരിപ്പിക്കുമെങ്കിലും മാരുതി ഈ മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. 

തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.