യുകെ ആസ്ഥാനമായുള്ള സൂപ്പർകാർ നിർമ്മാതാക്കളായ മക്ലാരൻ, P47 എന്ന കോഡ് നാമത്തിൽ തങ്ങളുടെ ആദ്യത്തെ പെർഫോമൻസ് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു.
യുകെ ആസ്ഥാനമായുള്ള സൂപ്പർകാർ നിർമ്മാതാക്കളായ മക്ലാരൻ,P47 എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന തങ്ങളുടെ ആദ്യത്തെ പെർഫോമൻസ് എസ്‌യുവിയുമായി എസ്‌യുവി വിഭാഗത്തെ ഇളക്കിമറിക്കാൻ ഒരുങ്ങുകയാണ്. വിശാലമായ ഉപഭോക്തൃ അടിത്തറയെ ആകർഷിക്കുന്നതിനായി രണ്ട് ഡോർ സ്‌പോർട്‌സ് കാറുകൾക്കപ്പുറം വൈവിധ്യവൽക്കരിക്കാനുള്ള ബ്രാൻഡിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2028 ൽ ഹൈബ്രിഡ് V8 പവർട്രെയിൻ സജ്ജീകരണത്തോടെ മക്ലാരൻ കാർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ഇംഗ്ലണ്ടിലെ ബിസെസ്റ്ററിലുള്ള മക്ലാരൻ ക്രിയേഷൻ സെന്ററിൽ അടുത്തിടെ നടന്ന ആഗോള ഡീലർ മീറ്റിംഗിൽ പങ്കെടുത്തർക്കായി വരാനിരിക്കുന്ന മക്ലാരൻ എസ്‌യുവി അഞ്ച് സീറ്റർ ഹൈബ്രിഡിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവച്ചു എന്നാണ് റിപ്പോർട്ടുകൾ. മൊത്തത്തിലുള്ള അളവുകൾ പോർഷെ കയെൻ ടർബോ ജിടിയുടേതിന് സമാനമാണെന്ന് ഡീലർമീറ്റിംഗിൽ പങ്കെടുത്തവരിൽ ചിലർ പറയുന്നു. പരിപാടിയിൽ പങ്കെടുത്ത ഡീലർമാരിൽ ഒരാൾ, എസ്‌യുവിയുടെ ക്ലേ മോഡൽ വലിയ വലിപ്പമുള്ള പോർഷെ കയെൻ ടർബോ ജിടിയെ ഓർമ്മിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു. 24 ഇഞ്ച് വീലുകളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനത്തെ ശക്തം എന്നും വിശേഷിപ്പിച്ചു.ക്യാബിനിൽ അഞ്ച് പേരെ ഉൾക്കൊള്ളാൻ കഴിയും.
നാല് ഡോർ ഡിസൈനുള്ള ഈ എസ്‌യുവിയിൽ ഫ്ലഷ് സിറ്റിംഗ് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ഒരു ഹുഡ് സ്കൂപ്പ്, ബ്രാൻഡിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ഒരു പിൻഭാഗം, ഒരു വലിയ സ്‌പോയിലർ, ഡിഫ്യൂസർ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിശദാംശങ്ങളെല്ലാം ലംബോർഗിനി ഉറുസ്, ഫെരാരി പുറോസാങ്, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ് എന്നിവയ്ക്ക് അനുയോജ്യമായ ഒരു എതിരാളിയായി ഇതിനെ മാറ്റിയേക്കാം.
കമ്പനി ഇതുവരെ തങ്ങളുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി ഉൽപ്പാദനത്തിനായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, എല്ലായിടത്തും അതിന്റെ സൂചനകൾ കാണാം. V8 എഞ്ചിനുമായി പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് സിസ്റ്റം ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സൂപ്പർകാറുകളിൽ ഉപയോഗിക്കുന്ന കാർബൺ മോണോകോക്ക് നിരസിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം കമ്പനി ഈ എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. എങ്കിലും ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ്, ലംബോർഗിനി ഉറുസ്, ഫെരാരി പുറോസാങ് എന്നിവ നയിക്കുന്ന രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആഡംബര എസ്‌യുവി വിഭാഗം കണക്കിലെടുക്കുമ്പോൾ, മക്ലാരന്റെ എസ്‌യുവിക്ക് സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താൻ കഴിയും.
