എംജി മോട്ടോർ ഇന്ത്യ ആഡംബര ഇലക്ട്രിക് എംപിവി എംജി എം9 പുറത്തിറക്കാൻ ഒരുങ്ങുന്നു. ടൊയോട്ട വെൽഫയറിനേക്കാൾ വിലകുറഞ്ഞ എംജി എം9 ന്റെ ബുക്കിംഗ് ആരംഭിച്ചു.
ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ആഡംബര കാർ വിപണിയിൽ പ്രവേശിച്ചു. എംജി സൈബർസ്റ്റർ എന്ന പേരിൽ ഒരു ഇലക്ട്രിക് സ്‌പോർട്‌സ് കാറും എംജി എം9 എന്ന പേരിൽ ഒരു ആഡംബര ഇലക്ട്രിക് എംപിവിയും സമീപഭാവിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ രണ്ട് കാറുകളും എംജി സെലക്ട് ഷോറൂമുകൾ വഴിയാണ് വിൽക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും ഈ ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു. എംപിവി വാങ്ങുന്നവർക്ക് എംജി എം9 ഒരു മികച്ച ഓപ്ഷനായിരിക്കും.
നിലവിൽ, 51,000 രൂപ ടോക്കൺ തുകയോടെ എംജി M9 ന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. വരും മാസങ്ങളിൽ എംജിയുടെ തിരഞ്ഞെടുത്ത ഷോറൂമുകളിൽ നിന്ന് നിങ്ങൾക്ക് ഈ അത്ഭുതകരമായ കാർ വാങ്ങാനും കഴിയും. ഏറ്റവും വലിയ എതിരാളിയായ ടൊയോട്ട വെൽഫയറിനേക്കാൾ വളരെ വിലകുറഞ്ഞതായിരിക്കും MG M9 എന്നും റിപ്പോർട്ടുകൾ പറയുന്നു.
എംജി എം9 ന്റെ വില 65 മുതൽ 70 ലക്ഷം രൂപ വരെ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കിയ കാർണിവൽ ലിമോസിനും ഈ വില പരിധിയിലാണ് വരുന്നത്. എതിരാളികളായ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ എന്നിവയേക്കാൾ വലിപ്പം കൂടുതലാണ് എംജി എം9 ന്. ഇതിന്റെ നീളം 5200 എംഎം, വീതി 2000 എംഎം, ഉയരം 1800 എംഎം, വീൽബേസ് 3200 എംഎം ആണ്. ലുക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബോക്സി പ്രൊഫൈലുള്ള ഈ എംപിവിക്ക് നിവർന്നുനിൽക്കുന്ന നോസും വലിയ ഗ്ലാസ് ഹൗസും ഉണ്ട്. കൂടാതെ എൽഇഡി ലൈറ്റുകൾ, കണക്റ്റഡ് ടെയിൽലാമ്പുകൾ, പലയിടത്തും ക്രോം ട്രീറ്റ്മെന്റ് എന്നിവയും ഉണ്ട്. 7, 8 സീറ്റർ ലേഔട്ടുകളിൽ M9 വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
എംജി M9 ന്റെ ഇന്റീരിയർ അതിശയകരവും ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്നതാുമാണ്. ഇതിന്‍റെ മുൻ, പിൻ സീറ്റുകളിൽ വെന്റിലേഷൻ, മസാജ് ഫീച്ചറുകൾ എന്നിവയുണ്ട്. ഫോൾഡ്-ഔട്ട് ഓട്ടോമൻ സീറ്റുകൾ, പവർഡ് റിയർ സ്ലൈഡിംഗ് ഡോറുകൾ, മുന്നിൽ സിംഗിൾ പാൻ സൺറൂഫ്, പിന്നിൽ പനോരമിക് സൺറൂഫ്, മുന്നിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിന്നിൽ രണ്ട് എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ, കൂടാതെ നിരവധി സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ തുടങ്ങിയവയും ഇതിലുണ്ട്. 90kWh ബാറ്ററി പായ്ക്കാണ് എംജി M9-ന് കരുത്ത് പകരുന്നത്. മുൻ ചക്രങ്ങൾക്ക് ശക്തി പകരുന്ന ഒറ്റ മോട്ടോറാണ് ഇതിൽ ഉള്ളത്. ഇത് 245 കുതിരശക്തിയും 350 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എംജി എം9 ന് ഒറ്റ ചാർജിൽ 430 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.



