2025 സെപ്റ്റംബർ 3 ന് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് മാരുതി എസ്‌ക്യുഡോയുടെ ചിത്രം ഓൺലൈനിൽ ചോർന്നു. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ, മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ, ഫോർ-വീൽ ഡ്രൈവ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

2025 സെപ്റ്റംബർ മൂന്നിന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന മാരുതി എസ്‌ക്യുഡോ മിഡ്‌സൈസ് എസ്‌യുവിയുടെ ആദ്യ ചിത്രം ഓൺലൈനിൽ ചോർന്നു. ചാരനിറത്തിലാണ് പരീക്ഷണ വാഹനം കാണപ്പെടുന്നത്. എസ്‌ക്യുഡോയുടെ മുൻഭാഗം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു. മെഷ് പാറ്റേണുള്ള വലിയ കറുത്ത ഫ്രണ്ട് ഗ്രിൽ ഉള്ള ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ എസ്‌യുവിയിൽ പുതുതായി രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും ഉള്ള ഒരു സീൽ-ഓഫ് സെക്ഷൻ ലഭിക്കുന്നു.

ഫോഗ് ലാമ്പ് അസംബ്ലിയും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അതേസമയം ബമ്പറിന്റെ താഴത്തെ ഭാഗം ഗ്രാൻഡ് വിറ്റാരയുമായി സാമ്യം പുലർത്തുന്നു. അലോയി വീലുകളുള്ള ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഉയർത്തിയ ഹുഡ്, ബോഡി-കളർ ഓആർവിഎമ്മുകൾ, സിൽവർ റൂഫ് റെയിലുകൾ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് കടമെടുത്തതായി തോന്നുന്നു. സ്പൈ ചിത്രങ്ങൾ കാണിക്കുന്നത് എസ്‍കുഡോയിൽ ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽലാമ്പുകൾ ഉണ്ടായിരിക്കും എന്നാണ്.

ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി, പുതിയ മാരുതി എസ്‌ക്യുഡോ എസ്‌യുവിയിൽ 1.5 ലിറ്റർ കെ 15 സി പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 ലിറ്റർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ ഹൈബ്രിഡ്, സിഎൻജി എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാകും. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് ഒരു ഇസിവിടി യൂണിറ്റ് ലഭിക്കും. കൂടാതെ, എസ്‌ക്യുഡോ എസ്‌യുവിയിൽ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കും.

മാരുതി എസ്ക്യൂഡോയുടെ ഇന്റീരിയർ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, മഹീന്ദ്രയുടെ പുതിയ BE 6, XEV 9 ഇലക്ട്രിക് എസ്‌യുവികളിലും ടാറ്റ ഹാരിയർ ഇവിയിലും ലഭ്യമായതിന് സമാനമായി, ലെവൽ-2 അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലഭിച്ചേക്കും. ഡോൾബി അറ്റ്‌മോസ് ഓഡിയോ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കിയായിരിക്കും ഇതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സുസുക്കി കണക്റ്റ് കണക്റ്റഡ് കാർ സവിശേഷതകൾ, റിയർ എസി വെന്റുകൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ഒന്നിലധികം എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഡീസന്റ് കൺട്രോൾ, ഐസോഫിക്സ് മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഈ പുതിയ മാരുതി സുസുക്കി എസ്‌യുവിയുടെ ഫീച്ചർ കിറ്റിൽ ഉൾപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.