ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതിയൊരു മിഡ്‌സൈസ് എസ്‌യുവി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ബയോണിനെ അടിസ്ഥാനമാക്കി ബിസി4ഐ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന ഈ വാഹനം വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. സിഎൻജി ഓപ്ഷൻ, ലെവൽ 2 എഡിഎഎസ് തുടങ്ങിയ ഫീച്ചറുകളോടെ 2026-ൽ വാഹനം പ്രതീക്ഷിക്കാം.
ഇന്ത്യൻ വാഹന വിപണിയിലെ മത്സരം കടുക്കുന്നതിനിടെ പുതിയ മോഡലുകളുമായി തന്ത്രം ശക്തമാക്കി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. വിവിധ പവർട്രെയിൻ ഓപ്ഷനുകളുമായി പുതിയ എസ്‌യുവി നിര വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.
2027 മാർച്ചിനകം പുതിയ തലമുറ ക്രെറ്റ, ബയോണിനെ അടിസ്ഥാനമാക്കിയുള്ള മിഡ്‌സൈസ് എസ്‌യുവി, ഇന്ത്യയിൽ തന്നെ വികസിപ്പിക്കുന്ന ഇലക്ട്രിക് എസ്‌യുവി എന്നിവ വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഈ മൂന്ന് വാഹനങ്ങളും നിലവിൽ വിപുലമായ പരീക്ഷണങ്ങളിലാണ്. ക്യാമഫ്ലാജ് ചെയ്തും അല്ലാതെയും വാഹനങ്ങളുടെ പരീക്ഷണപ്പതിപ്പുകൾ പലതവണ നിരത്തുകളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ബിസി4ഐ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതിയ മിഡ്‌സൈസ് എസ്‌യുവി 2026ലെ ദീപാവലി കാലയളവിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ബയോൺ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിനെക്കുറിച്ച് ഇതുവരെ പുറത്തുവന്ന പ്രധാന 5 കാര്യങ്ങൾ അറിയാം.
ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിക്കും പുതിയ ഹ്യുണ്ടായ് മിഡ്‌സൈസ് എസ്‌യുവി ബയോണിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യൻ വിപണിയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേകം വികസിപ്പിക്കുന്ന മോഡലായിരിക്കും ഇത്. ഏകദേശം 4.18 മീറ്റർ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ കേന്ദ്രീകരിച്ച് പരിഷ്കരിച്ച ബയോൺ പ്ലാറ്റ്‌ഫോമിന്റെ പതിപ്പായിരിക്കും പുതിയ എസ്‌യുവിയുടെ അടിസ്ഥാനം എന്നാണ് സൂചന.
വെന്യുവിനും ക്രെറ്റയ്ക്കും ഇടയിൽ ഹ്യുണ്ടായിയുടെ നിലവിലെ ഉൽപ്പന്ന നിരയിൽ വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലായിരിക്കും പുതിയ എസ്‌യുവിയുടെ സ്ഥാനം. ക്രെറ്റയ്ക്കൊപ്പം തന്നെ വാഹനം വിൽപ്പനയ്ക്കുണ്ടാകും. നഗര ഉപയോഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കോംപാക്ട് എസ്‌യുവിയായിരിക്കും ഇത്. എസ്‌യുവിയുടെയും ക്രോസ്ഓവറിന്റെയും ഡിസൈൻ സ്വഭാവങ്ങൾ സമന്വയിപ്പിച്ച രൂപകൽപ്പനയാകും വാഹനത്തിന്. വിപണിയിലെത്തുമ്പോൾ മാരുതി സുസുക്കി വിക്ടോറിസിനൊപ്പം ഈ വിഭാഗത്തിലെ മറ്റ് എസ്‌യുവികളുമായും നേരിട്ട് മത്സരിക്കും.
4 മീറ്ററിന് മുകളിലുള്ള ആദ്യ ഹ്യുണ്ടായ് സിഎൻജി മോഡലാകുമോ? പുതിയ ഹ്യുണ്ടായ് എസ്‌യുവിയിൽ ക്രെറ്റയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിലും ശ്രദ്ധേയമായ മറ്റൊരു സാധ്യതയുണ്ട്. 4 മീറ്ററിൽ കൂടുതൽ നീളമുള്ള ഹ്യുണ്ടായ് മോഡലിൽ ഫാക്ടറിയിൽ തന്നെ ഘടിപ്പിച്ച സിഎൻജി കിറ്റ് നൽകുന്ന ആദ്യ വാഹനമായി ഇത് മാറിയേക്കും. മാരുതി സുസുക്കി വിക്ടോറിസിന് സമാനമായി വാഹനത്തിന്റെ അടിഭാഗത്ത് സിഎൻജി ടാങ്ക് സ്ഥാപിക്കുന്ന രീതിയാകും ഹ്യുണ്ടായ് പരിഗണിക്കുന്നതെന്നാണ് സൂചന.
ലെവൽ 2 എഡിഎഎസും എത്തും പുതിയ എസ്‌യുവിയുടെ ഔദ്യോഗിക ഫീച്ചർ വിവരങ്ങൾ ഹ്യുണ്ടായ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ലെവൽ 2 എഡിഎഎസ് അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
ഹ്യുണ്ടായിയുടെ സ്മാർട്ട്‌സെൻസ് സാങ്കേതികവിദ്യയുടെ ഭാഗമായ നിരവധി സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിൽ ലഭിച്ചേക്കും. ഫോർവേഡ് കൊളിഷൻ വാണിങ്, ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഫോളോയിങ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിങ്, ബ്ലൈൻഡ് സ്പോട്ട് അവോയ്ഡൻസ് അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടാം. റിയർ ക്രോസ് ട്രാഫിക് കൊളിഷൻ വാണിങ്, സേഫ് എക്സിറ്റ് വാണിങ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിൽ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ബോക്സി രൂപം, ആധുനിക ഡിസൈൻ പരീക്ഷണത്തിനിടെ പകർത്തിയ ചിത്രങ്ങൾ പുതിയ ഹ്യുണ്ടായ് എസ്‌യുവിയുടെ ഡിസൈൻ സംബന്ധിച്ച് ചില സൂചനകൾ നൽകുന്നുണ്ട്. നിവർന്നതും ബോക്സി സ്വഭാവമുള്ളതുമായ ബോഡി ഡിസൈനിനൊപ്പം ഹ്യുണ്ടായിയുടെ പുതിയ ഡിസൈൻ ഭാഷയും വാഹനത്തിൽ കാണാം.
സ്പ്ലിറ്റ് ഹെഡ്‌ലാംപുകൾ, കണക്ടഡ് എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ. അൽപം ഉയരത്തിലേക്ക് നീളുന്ന വിൻഡോ ലൈൻ, റിഫ്ലക്ടറുകളുള്ള സ്പോർട്ടി റിയർ ബമ്പർ, സ്ലീക്ക് എൽഇഡി ടെയിൽ ലാംപുകൾ, റിവേഴ്സ് ലാംപുകൾ എന്നിവയും വാഹനത്തിന്റെ പുറം രൂപത്തിന്റെ ഭാഗമാകും.
ദീപാവലിക്ക് വിപണിയിലെത്തും 2026ലെ ദീപാവലി സീസണിൽ പുതിയ ഹ്യുണ്ടായ് മിഡ്‌സൈസ് എസ്‌യുവി വിപണിയിലെത്തുമെന്നാണ് നിലവിലെ സൂചന. മാരുതി സുസുക്കി വിക്ടോറിസിന് നേരിട്ടുള്ള എതിരാളിയായി എത്തുന്ന മോഡലിൽ പെട്രോളിനൊപ്പം സിഎൻജി, ലെവൽ 2 എഡിഎഎസ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയാൽ ഈ വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.


