ഹ്യുണ്ടായി പുതിയൊരു കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു. മ്യൂണിക്ക് മോട്ടോർ ഷോയിൽ കൺസെപ്റ്റ് മോഡൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇൻസ്റ്റർ ഇവിയ്ക്ക് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം.

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി ആഗോള ഇലക്ട്രിക് വിപണിയിൽ ഇപ്പോൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ പുതിയ കോംപാക്റ്റ് എസ്‌യുവിയുമായി വീണ്ടും ഇലക്ട്രിക് വിഭാഗം വികസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതുസംബനധിച്ച് കമ്പനി ഔദ്യോഗികവിവരങ്ങൾ ഒന്നുംതന്നെ പങ്കുവച്ചിട്ടില്ല.

അതേസമയം മ്യൂണിക്ക് മോട്ടോർ ഷോയിൽ ഹ്യുണ്ടായി ഒരു കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 9 മുതൽ 14 വരെ ഈ പരിപാടി നടക്കും. ആഗോള നിരയിൽ ഇൻസ്റ്റർ ഇവിക്ക് മുകളിലായി ഇത് സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശാലമായ കാർ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഇലക്ട്രിക് മോഡൽ.

യൂറോപ്പിലെ i20 അടിസ്ഥാനമാക്കിയുള്ള ബയോണിന് സമാനമായ അനുപാതങ്ങൾ ഉണ്ടാകാം. പൂർണ്ണമായും ഇലക്ട്രിക് അവതാരമായ ഇയോണിക് 2 എന്ന പേരിൽ ഇതിനെ ബ്രാൻഡ് ചെയ്യാമെന്നും കരുതപ്പെടുന്നു. കിയയുടെ EV2 യുമായി ഈ എസ്‌യുവിയുടെ ആർക്കിടെക്ചർ പങ്കിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഇ-ജിഎംപി പ്ലാറ്റ്‌ഫോമിന്റെ ഒരു ചെറിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ വർഷം ആദ്യം പുറത്തിറക്കിയ ബ്രാൻഡിന്റെ ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ പ്ലിയോസ് കണക്റ്റ് സംയോജിപ്പിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി എന്ന നേട്ടവും ഈ എസ്‌യുവി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പല ഹ്യുണ്ടായി മോഡലുകളിലും കാണുന്ന വളഞ്ഞ ഇരട്ട സ്‌ക്രീൻ ഡിസ്‌പ്ലേയ്ക്ക് പകരം, മധ്യഭാഗത്ത് ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ടെസ്‌ലയും വിവിധ ചൈനീസ് ബ്രാൻഡുകളും ജനപ്രിയമാക്കിയ രൂപകൽപ്പനയ്ക്ക് സമാനമായിരിക്കും ഹ്യുണ്ടായിയുടെ വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ എന്നാണ് റിപ്പോർട്ടുകൾ.

ഇൻസ്റ്റാറിനും കോനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കാർ കോംപാക്റ്റ് ഇവി മേഖലയിൽ ഹ്യുണ്ടായിയുടെ സ്ഥാനം ശക്തിപ്പെടുത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഹ്യുണ്ടായി മൂന്നാം തലമുറ വെന്യു അവതരിപ്പിക്കും. അതേസമയം ഇൻസ്റ്റാറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി 2026ലേക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനുപുറമെ, ബയോണിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിയെക്കുറിച്ചും റിപ്പോർട്ടുകൾ ഉണ്ട്. വരാനിരിക്കുന്ന വെന്യുവിനും ഗ്രാൻഡ് ഐ 10 നിയോസിനും അതത് ഇലക്ട്രിക് പതിപ്പുകൾ ലഭിച്ചേക്കാം എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.