അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിത്സുബിഷി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ പജേറോയെ പുനരവതരിപ്പിച്ചു. പുതിയ അഞ്ചാം തലമുറ മോഡൽ ആധുനിക ഡിസൈൻ, 7 സീറ്റർ ക്യാബിൻ, 204 എച്ച്പി കരുത്തുള്ള 2.4 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയുമായാണ് എത്തുന്നത്. ഇന്ത്യൻ വിപണിയിൽ എത്തിയാൽ ടൊയോട്ട ഫോർച്യൂണറിന് ഇത് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനപ്രിയ എസ്‌യുവി പജേറോയെ തിരിച്ചെത്തിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി. പുതിയ അഞ്ചാം തലമുറ പജേറോയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വലുപ്പത്തിലും സൗകര്യങ്ങളിലും കരുത്തിലും മുന്നിട്ടുനിൽക്കുന്ന ഏഴ് സീറ്റർ ഓഫ്-റോഡ് എസ്‌യുവിയായാണ് പുതിയ പജേറോ എത്തുന്നത്. ആദ്യം തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന വാഹനം പിന്നീട് ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലും അവതരിപ്പിക്കും. 2027 മാർച്ചോടെ ജപ്പാനിലും ഓസ്‌ട്രേലിയയിലും പുതിയ പജേറോ എത്തിക്കാനാണ് മിത്സുബിഷിയുടെ നീക്കം. ഇന്ത്യയിലെത്തുന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല. എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുകയാണെങ്കിൽ ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള പ്രീമിയം എസ്‌യുവികൾക്ക് ശക്തമായ എതിരാളിയാകാൻ പജേറോയ്ക്ക് കഴിയും.

പുതിയ രൂപത്തിൽ പജേറോ

മുൻ തലമുറ മോഡലിന്റെ റെട്രോ രൂപകൽപ്പനയിൽ നിന്ന് പൂർണമായും മാറിയാണ് പുതിയ പജേറോയുടെ വരവ്. മിത്സുബിഷിയുടെ എക്സ്‌ഫോഴ്‌സ്, ഡെസ്റ്റിനേറ്റർ തുടങ്ങിയ പുതിയ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആധുനിക ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വലിയ ഫ്രണ്ട് ഗ്രിൽ, വീതിയേറിയ വീൽ ആർച്ചുകൾ, ശക്തമായ ലോവർ ബോഡി പ്രൊട്ടക്ഷൻ എന്നിവ പുതിയ പജേറോയുടെ പരുക്കൻ സ്വഭാവം വ്യക്തമാക്കുന്നു. നേരായ മേൽക്കൂരയും വലുപ്പമേറിയ വിൻഡോകളും ക്യാബിനുള്ളിൽ കൂടുതൽ ഹെഡ്‌റൂമും മികച്ച കാഴ്ചയും നൽകാൻ സഹായിക്കും.

7 സീറ്റർ ക്യാബിൻ; ആഡംബര സൗകര്യങ്ങളും

മൂന്ന് നിരകളിലായി 7 പേർക്ക് യാത്ര ചെയ്യാവുന്ന ക്യാബിനാണ് പുതിയ പജേറോയ്ക്കുള്ളത്. രണ്ടാം നിര സീറ്റുകൾ 150 മില്ലിമീറ്റർ മുന്നോട്ടും പിന്നോട്ടും ക്രമീകരിക്കാം. മൂന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്ഥലം നൽകാനും ലഗേജ് ഇടം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ടോപ്പ് വേരിയന്റുകളിൽ ലെതർ സീറ്റുകൾ, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, ഡബിൾ-ഗ്ലേസ്ഡ് സൈഡ് വിൻഡോകൾ, അക്കൗസ്റ്റിക് വിൻഡ്‌സ്‌ക്രീൻ, ട്രൈ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷെയ്ഡ്, ചൂടാക്കാവുന്ന രണ്ടാം നിര സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഡാഷ്‌ബോർഡിൽ രണ്ട് വലിയ 14.3 ഇഞ്ച് ഡിസ്പ്ലേകളും ചില വേരിയന്റുകളിൽ 12.3 ഇഞ്ച് സ്ക്രീനുകളും ലഭിക്കും. പ്രധാന പ്രവർത്തനങ്ങൾക്കായി ഫിസിക്കൽ കൺട്രോളുകളും നൽകിയിട്ടുണ്ട്. ഫോർ-വീൽ ഡ്രൈവ് സംവിധാനം റോട്ടറി ഡയൽ ഉപയോഗിച്ച് നിയന്ത്രിക്കാം. മൂന്ന് നിരകളിലും യുഎസ്ബി ചാർജിങ് പോർട്ടുകളും 12-സ്പീക്കർ യമഹ ഓഡിയോ സംവിധാനവും ലഭ്യമാണ്.

204 എച്ച്പി ഡീസൽ എൻജിൻ

2.4 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് പുതിയ പജേറോയ്ക്ക് കരുത്തേകുന്നത്. മിത്സുബിഷി ട്രൈറ്റൺ പിക്കപ്പിലും ഉപയോഗിക്കുന്ന ഈ എൻജിൻ പജേറോയിൽ 204 എച്ച്പി കരുത്തും 480 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പുതുതലമുറ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ട്രൈറ്റണിന്റെ ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമിൽ മിത്സുബിഷി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉപയോഗിച്ചതോടെ വാഹനത്തിന്റെ ബോഡി കൂടുതൽ ശക്തവും ദൃഢവുമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെത്തിയാൽ മത്സരം കടുക്കും

ഇന്ത്യൻ വിപണിയിലെത്തുന്നതിനെക്കുറിച്ച് നിലവിൽ സ്ഥിരീകരണമില്ലെങ്കിലും പജേറോ എത്തിയാൽ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ. കരുത്തുറ്റ ഡീസൽ എൻജിൻ, 7 സീറ്റർ ക്യാബിൻ, ഓഫ്-റോഡ് ശേഷി, പ്രീമിയം സൗകര്യങ്ങൾ എന്നിവ ഫോർച്യൂണർ ഉൾപ്പെടെയുള്ള എസ്‌യുവികൾക്ക് പജേറോയെ ശക്തമായ എതിരാളിയാക്കാൻ സാധ്യതയുണ്ട്.