ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യ, തങ്ങളുടെ വരാനിരിക്കുന്ന പുതിയ ഡസ്റ്റർ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട പഴയ മോഡലിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരും ഈ പുതിയ പതിപ്പ് 

കാറുകളെക്കുറിച്ച് ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം "കോംപാക്റ്റ് എസ്‌യുവികൾ" ആണ്. അതേസമയം, പുതിയ മോഡലിന്റെ ലോഞ്ചിലൂടെ ടാറ്റ പഴയ സിയറയുടെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നത് നമ്മൾ കണ്ടു. ഇപ്പോൾ, ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യയും ഇതേ പാത പിന്തുടർന്ന് അവരുടെ വരാനിരിക്കുന്ന പുതിയ ഡസ്റ്റർ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി. 2012-ൽ കോം‌പാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട പഴയ മോഡലിനെയാണ് ഡസ്റ്റർ ടീസർ ഓർമ്മിപ്പിച്ചത്.

പുതിയ ഡസ്റ്ററിന്റെ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും എസ്‌യുവിയുടെ പിൻഭാഗത്തിന്റെ ഒരു ചെറിയ ഭാഗത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ലഭ്യമായ ഡസ്റ്ററിൽ നിന്നുള്ള ഒരു വ്യത്യാസം കണക്റ്റഡ് ടെയിൽലാമ്പുകളാണ്. എൽഇഡി ഡിആർഎല്ലുകളുടെ ഒരു ചെറിയ ഭാഗവും കാണാം. ഉയരമുള്ള റൂഫ് റെയിലുകളും ഇതിൽ ഉൾപ്പെടുന്നു.

പുതിയ ഡാഷ്‌ബോർഡ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, ആറ്- സ്‍പീക്കർ അർക്കാമിസ് സൗണ്ട് സിസ്റ്റം, പവർ ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്രാൻഡഡ് സൗണ്ട് സിസ്റ്റം, ആംബിയന്‍റ് ലൈറ്റിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി അപ്‌ഡേറ്റുകൾ ഡസ്റ്ററിൽ തീർച്ചയായും ഉണ്ടാകും.

പുതിയ മാനദണ്ഡമനുസരിച്ച്, ഡസ്റ്ററിന് ഓരോ വേരിയന്റിലും ആറ് എയർബാഗുകൾ തീർച്ചയായും ലഭിക്കും. കൂടാതെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADS) എന്നിവയും ഇതിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ വിൽക്കുന്ന റെനോ ഡസ്റ്ററിന്റെ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ റെനോ ഡസ്റ്ററിന് ഏകദേശം 10 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ എസ്‌യുവികളുമായി ഇത് മത്സരിക്കും.