സ്കോഡയുടെ പുതുതലമുറ കൊഡിയാക് എസ്‌യുവി ഏപ്രിൽ 17 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എൽ ആൻഡ് കെ, സ്പോർട്‍ലൈൻ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ കാർ ഏകദേശം 41 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാകും.

ചെക്ക് വാഹന ബ്രാൻഡായ സ്കോഡ തങ്ങളുടെ പുതുതലമുറ കൊഡിയാക്കിനെ നാളെ, അതായത് ഏപ്രിൽ 17 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ വർഷം ആദ്യം നടന്ന ഗ്ലോബൽ എക്സ്പോ 2025 ലാണ് കമ്പനി ഈ കാർ ആദ്യമായി പ്രദർശിപ്പിച്ചത്. ഈ എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്‌തതാണ് എന്നതാണ് പ്രത്യേകത. പുതിയ സ്കോഡ കൊഡിയാക് എൽ ആൻഡ് കെ, സ്പോർട്‍ലൈൻ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ബ്രോങ്ക്സ് ഗോൾഡ് മെറ്റാലിക്, സ്റ്റീൽ ഗ്രേ, മാജിക് ബ്ലാക്ക് മെറ്റാലിക്, മൂൺ വൈറ്റ് മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, റേസ് ബ്ലൂ മെറ്റാലിക്, വെൽവെറ്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ ഏഴ് നിറങ്ങളിൽ ഇത് ലഭ്യമാകും. ഇതിന്റെ എക്സ്-ഷോറൂം വില ഏകദേശം 41 ലക്ഷം രൂപയാകും. വിപണിയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കും.

പുതുക്കിയ MQB ഇവോ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കൊഡിയാക്. കൂടുതൽ വിശാലമായ ഇന്റീരിയർ ഇതിലുണ്ട്. പുതിയ ആകൃതിയും ലംബ സ്ലാറ്റുകളും ഉള്ള ഒരു പുതിയ ഗ്രില്ലുമായി പുതിയ കൊഡിയാക്ക് വരും. ഈ ഘടകങ്ങൾ അതിന്‍റെ രൂപഭംഗി വളരെ അത്ഭുതകരമാക്കുന്നു. ഫാസിയയിലെ പുതിയ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വീതിയേറിയ സെൻട്രൽ എയർ ഇൻടേക്കുള്ള പുതിയ ബമ്പർ എന്നിവ സ്‍പോർട്ടി രൂപം നൽകുന്നു. വശങ്ങളിലെ വേറിട്ട പാനലുകൾ, മസ്‍കുലാർ വീൽ ആർച്ചുകൾ, ബോണറ്റിൽ ബോൾഡ് ക്യാരക്ടർ ലൈനുകൾ, സ്ലീക്ക് എൽഇഡി ടെയിൽലാമ്പുകൾ, ഒരു പുതിയ ടെയിൽഗേറ്റ്, പുതിയ 20 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കും. ഈ ഘടകങ്ങളെല്ലാം അതിന്റെ രൂപഭംഗി പ്രീമിയമാക്കുന്നു.

വരാനിരിക്കുന്ന സ്കോഡ കൊഡിയാക്ക് എസ്‌യുവിയുടെ സ്‌പോർട്‌ലൈൻ വേരിയന്റിന് പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ തീം ലഭിക്കും. അതേസമയം എൽ & കെ ഒരു കോഗ്നാക് തീമിൽ വരും. ഇതിന്റെ ക്യാബിനിൽ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഗിയർ സെലക്ടർ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ഉണ്ടായിരിക്കും. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, കപ്പ് ഹോൾഡറുള്ള ആംറെസ്റ്റ്, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് മൊബൈൽ പ്രൊജക്ഷൻ, 2 വയർലെസ് മൊബൈൽ ചാർജറുകൾ തുടങ്ങി നിരവധി സവിശേഷതകളും ഇതിൽ നൽകിയിട്ടുണ്ട്.

പുതിയ കൊഡിയാക്കിന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ രണ്ട് വകഭേദങ്ങളിലും 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് 201 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷനായി, ഇത് 7-സ്പീഡ് ഡിഎസ്‍ജി ഗിയർബോക്സുമായി ഘടിപ്പിക്കും. സുരക്ഷയ്ക്കായി, 9 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഡ്രൈവർ അലേർട്ട് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസർ, പാർക്ക് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ അതിശയിപ്പിക്കുന്ന സവിശേഷതകൾ ഇതിലുണ്ടാകും.