ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് നിസാൻ പുതിയ ടെക്‌ടൺ മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കി, നിസാൻ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുമായി എത്തുന്ന ഈ വാഹനം പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമായിരിക്കും ലഭ്യമാവുക.
ഇന്ത്യൻ വിപണിക്കായി നിരവധി പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ (യുവി) നിർമ്മിക്കാൻ ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ പദ്ധതിയിട്ടിട്ടുണ്ട്. നിലവിലുള്ള ഡിസൈൻ ഭാഷയും പവർട്രെയിനും നിലനിർത്തിക്കൊണ്ട് കുറച്ച് പുതിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റ് ചെയ്ത മാഗ്നൈറ്റ് സബ്‌കോംപാക്റ്റ് പുറത്തിറക്കിക്കൊണ്ട് നിസാൻ തങ്ങളുടെ പുതുവർഷം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് നിസാൻ ഗ്രാവൈറ്റ് സബ്‌കോംപാക്റ്റ് എംപിവിയും നിസാൻ ടെക്‌ടൺ മിഡ്‌സൈസ് എസ്‌യുവിയും പുറത്തിറക്കും. നിസാൻ ഗ്രാവൈറ്റ് സബ്‌കോംപാക്റ്റ് എംപിവി ജനുവരിയിൽ അരങ്ങേറ്റം കുറിക്കുകയും മാർച്ചിൽ വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും. അതേസമയം നിസാൻ ടെക്‌ടൺ മിഡ്‌സൈസ് എസ്‌യുവി 2026 ഫെബ്രുവരിയിൽ പ്രദർശിപ്പിക്കും. ഇതാ നിസാൻ ടെക്റ്റണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഡിസൈൻ
2026 ജനുവരി 26 ന് പുറത്തിറങ്ങാനിരിക്കുന്ന മൂന്നാം തലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും നിസാൻ ടെക്റ്റൺ ഒരുങ്ങുന്നത്. എങ്കിലും ആഗോള സ്പെക്ക് നിസാൻ പട്രോൾ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും ഇതിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും. സി-ആകൃതിയിലുള്ള ഡിസൈൻ ഘടകങ്ങളും ക്യാരക്ടർ ലൈനുകളും ഉള്ള വലിയ ഗ്രില്ലും മുൻവശത്ത് കണക്റ്റഡ് എൽഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിയിൽ ഉണ്ടാകുമെന്ന് ഔദ്യോഗിക ടീസറുകൾ സ്ഥിരീകരിക്കുന്നു. മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, റൂഫിൽ ഘടിപ്പിച്ച റിയർ സ്‌പോയിലർ, സിൽവർ ഫിനിഷുള്ള ബ്ലാക്ക് റിയർ ബമ്പർ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.
പ്രതീക്ഷിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ
പുതുതലമുറ റെനോ ഡസ്റ്ററിന് സമാനമായി, പുതിയ നിസ്സാൻ മിഡ്‌സൈസ് എസ്‌യുവിയിലും പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും പുറത്തുവരുന്നില്ലെങ്കിലും, 1.3 ലിറ്റർ, 1.2 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകൾ ഇതിൽ ഉൾപ്പെടുത്തിയേക്കാം.
ഇന്‍റീരിയർ
വരാനിരിക്കുന്ന നിസാൻ ടെക്‌ടണിൽ തിളങ്ങുന്ന കറുത്ത ഡാഷ്‌ബോർഡ് ഉണ്ടായിരിക്കുമെന്നും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതൽ സൈഡ് എസി വെന്റുകൾ വരെ പ്രവർത്തിക്കുന്ന കോൺട്രാസ്റ്റിംഗ് കോപ്പർ നിറമുള്ള സ്ട്രിപ്പ് ഉണ്ടായിരിക്കുമെന്നും ടീസറുകൾ വെളിപ്പെടുത്തുന്നു. ഇതിന് സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ടായിരിക്കും. എസ്‌യുവി അതിന്റെ പ്ലാറ്റ്‌ഫോം, ക്യാബിൻ ലേഔട്ട്, സവിശേഷതകൾ എന്നിവ പുതിയ ഡസ്റ്ററുമായി പങ്കിടും.
എതിരാളികൾ
റെനോ-നിസ്സാൻ കമ്പനിയുടെ ചെന്നൈ നിർമ്മാണ പ്ലാന്‍റ് ആഭ്യന്തര, കയറ്റുമതി വിപണികളുടെ ഉൽപാദന കേന്ദ്രമായി പ്രവർത്തിക്കും. ഇടത്തരം എസ്‌യുവി വിഭാഗത്തിൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ സിയറ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, മാരുതി വിക്ടോറിസ്, ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ മോഡലുകൾക്കെതിരെ പുതിയ നിസാൻ ടെക്‌ടൺ മത്സരിക്കും.


