പുതിയ ദേശീയപാത 66-ലെ സർവീസ് റോഡുകൾ വൺവേയല്ല, മറിച്ച് ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതർ വ്യക്തമാക്കി. എന്നാൽ, ആറര മീറ്റർ മാത്രം വീതിയുള്ള ഈ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

പുതിയ ദേശീയപാതയുടെ നിർമ്മാണം സംസ്ഥാനത്ത് പൂ‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ കാസ‍കോടുമുതൽ തിരുവനന്തപുരം വരെ അതിവേഗ യാത്ര സാധ്യമാകുന്ന സന്തോഷത്തിലാണ് പലരും. എന്നാൽ ചില ആശങ്കകളും നിലനിൽക്കുന്നുണ്ട്. സർവീസ് റോഡിലെ യാത്രകളെയും ആറുവരിപ്പാതയിൽ പ്രവേശനമില്ലാത്ത വാഹനങ്ങളെയും കുറിച്ചുള്ള ആശങ്കയുമാണ് അതിൽ പ്രധാനപ്പെട്ടത്. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ വണ്‍വേ ആണെന്ന ധാരണ പല‍ക്കുമുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ദേശീയപാതാ അധികൃത‍ർ.

സര്‍വീസ് റോഡുകള്‍ ടൂവേ പാതകൾ തന്നെ

പുതുതായി നിര്‍മിച്ച ദേശീയപാത 66ന്റെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ വണ്‍വേ ആണെന്ന ധാരണയിൽ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങളും പതിവാണ്. എന്നാല്‍ സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കി.

ആറരമീറ്റര്‍ മാത്രം വീതി

അതേസമയം സര്‍വീസ് റോഡുകള്‍ക്ക് ആറരമീറ്റര്‍ മാത്രമാണ് വീതി എന്ന ആശങ്ക പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറിയദൂരം മാത്രം ഓടുന്ന ലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോള്‍ ദേശീയപാതയുടെ സര്‍വീസ്‌റോഡ് ഉപയോഗിക്കുന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെ തന്നെയാണ് പോകുന്നത്. എന്നിട്ടും ഇപ്പോള്‍ത്തന്നെ സര്‍വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ട്രാക്ടര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സര്‍വീസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോള്‍ കുരുക്ക് രൂക്ഷമാകും എന്ന ആശങ്കയും ഉയരുന്നുണ്ട്.

അഞ്ച് പുതിയ ദേശീയപാതകള്‍

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ - മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ - അങ്കമാലി, വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. അതോടൊപ്പം കൊച്ചി - മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചു.