മാരുതി സുസുക്കി ഈക്കോയ്ക്ക് കഴിഞ്ഞ 6 മാസത്തിനുള്ളിൽ 66,248 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2025 ജൂണിൽ മാത്രം 9,340 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. എന്നിരുന്നാലും, ഈ കാലയളവിൽ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ കുറവുണ്ടായി.

ന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാറായി മാരുതി സുസുക്കി ഈക്കോ കണക്കാക്കപ്പെടുന്നു. യൂട്ടിലിറ്റി വാൻ വിഭാഗത്തിലെ മാരുതി സുസുക്കി ഈക്കോയ്ക്ക് കഴിഞ്ഞ 6 മാസത്തിനുള്ളിൽ, അതായത് 2025 ജനുവരി മുതൽ ജൂൺ വരെ 66,248 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതിനുപുറമെ, കഴിഞ്ഞ മാസം, അതായത് 2025 ജൂണിൽ, മാരുതി സുസുക്കി ഈക്കോയ്ക്ക് ആകെ 9,340 പുതിയ ഉപഭോക്താക്കളെയും ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഈ കാലയളവിൽ, മാരുതി സുസുക്കി ഈക്കോയുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞു. കഴിഞ്ഞ 6 മാസത്തെ മാരുതി സുസുക്കി ഈക്കോയുടെ വിൽപ്പന കണക്കുകൾ പരിശോധിക്കാം.

2025 ജനുവരിയിൽ മാരുതി സുസുക്കി ഇക്കോയ്ക്ക് ഇന്ത്യൻ വിപണിയിൽ ആകെ 11,250 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2025 ഫെബ്രുവരിയിൽ ആകെ 11,493 പുതിയ ആളുകൾ മാരുതി സുസുക്കി ഇക്കോ വാങ്ങി. ഇതിനുപുറമെ, 2025 മാർച്ചിൽ മാരുതി സുസുക്കി ഇക്കോയ്ക്ക് 10,400 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം 2025 ഏപ്രിലിൽ മാരുതി സുസുക്കി ഇക്കോ ആകെ 11,438 യൂണിറ്റുകൾ വിറ്റു. 2025 മെയ് മാസത്തിൽ ആകെ 12,327 പുതിയ ആളുകൾ മാരുതി സുസുക്കി ഇക്കോ വാങ്ങി.

മാരുതി ഈക്കോയുടെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ-ജെറ്റ് വിവിടി പെട്രോൾ എഞ്ചിൻ മാരുതി ഇക്കോയിൽ സജ്ജീകരിച്ചിരിക്കുന്നു, ഈ എഞ്ചിൻ പരമാവധി 18.76 ബിഎച്ച്പി പവറും 104 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. ഇക്കോ പെട്രോൾ മോഡിൽ 19.71 കിലോമീറ്ററും സിഎൻജി മോഡിൽ 26.78 കിലോമീറ്ററും മൈലേജ് നൽകുന്നു.

ഡ്യുവൽ എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), സ്ലൈഡിംഗ് ഡോർ, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, ഹീറ്റർ തുടങ്ങിയ സവിശേഷതകൾ മാരുതി സുസുക്കി ഇക്കോയിൽ ഉണ്ട്. മാരുതി സുസുക്കി ഈക്കോ അഞ്ച് കളർ ഓപ്ഷനുകളിലും 13 വേരിയന്റുകളിലും ലഭ്യമാണ്. 5.70 ലക്ഷം മുതൽ 6.96 ലക്ഷം രൂപ വരെയാണ് ഈക്കോയുടെ വില.