Asianet News MalayalamAsianet News Malayalam

സ്‌പോര്‍ട്ടി ലുക്കില്‍ ഹ്യുണ്ടായി ഓറ; സ്‌കെച്ച് പുറത്ത്

ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിനോട് സാമ്യമുള്ള രൂപമായിരിക്കും ഓറക്കും

Sketch out of Hyundai Ora In Sporty Look
Author
Mumbai, First Published Dec 17, 2019, 9:44 PM IST

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിക്കുന്ന പുതിയ കോംപാക്ട് സെഡാനായ ഓറയുടെ സ്‌കെച്ച് കമ്പനി പുറത്തുവിട്ടു. ഈ മാസം 19നാണ് ഓറയുടെ ആദ്യ പ്രദർശനം നടക്കുക. ഇതിനു മുന്നോടിയായിട്ടാണ് ഹ്യുണ്ടായി സ്‍കെച്ച് പുറത്തുവിട്ടത്.

ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിനോട് സാമ്യമുള്ള രൂപമായിരിക്കും ഓറക്കും. നിയോസിന്‍റെ സ്‌പോര്‍ട്ടി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ രേഖാചിത്രങ്ങൾ പ്രകാരം വാഹനത്തിന്‍റെ പിൻഭാഗത്തിന് വ്യത്യസ്‍തവും ആധുനികവുമായ ഡിസൈനാണ് ഓറക്ക്.

മുൻ ഭാഗത്തിന് ഗ്രാൻ‌ഡ് ഐ10 നിയോസിന് സമാനമായ കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡിആര്‍എല്‍ എന്നിവയാണ്. പക്ഷേ ഐ10 നിയോസിന്റേതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളാണ് ഓറയിൽ. രേഖാചിത്രങ്ങൾ പ്രകാരം ഹ്യൂണ്ടായ് ഓറയുടെ അലോയ് വീലുകളുടെ ഡിസൈനും വ്യത്യസ്തമായിരിക്കും.

കറുപ്പ് നിറത്തിലുള്ള സി-പില്ലർ, കൂപെ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന റൂഫ് ലൈൻ, റാപ് എറൗണ്ട് ടൈൽ-ലൈറ്റുകൾ, ലൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പ് ലൈൻ, ഫോക്‌സ് വെന്റുകൾ ചേർന്ന് സ്പോട്ടിയായ ബമ്പറുകൾ തുടങ്ങിയവയെല്ലാം ചേർന്ന് ഓറയുടെ പിൻഭാഗത്തെ വേറിട്ടതാക്കുന്നു. ഫോഗ്‌ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയും നിയോസിനോട് സാമ്യമുള്ളവയാണ്. ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും ഇതിലുണ്ട്.

പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിന് സമാനമായ ക്യാബിൻ ആയിരിക്കും ഔറയ്ക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വാഹനത്തില്‍ ഹ്യുണ്ടായി നല്‍കിയേക്കും. ഇരട്ട പോഡ്‌സ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ എംഐഡി ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്ത ഗിയർ ഷിഫ്റ്റ് ലിവർ തുടങ്ങിയവയും ഓറയിലുണ്ടാകും. ഗ്രാൻഡ് ഐ 10 നിയോസിന്റെ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി ഈ വാഹനത്തിലും തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരം പുലര്‍ത്തുന്ന രണ്ട് പെട്രോൾ എൻജിനോടെയും ഒരു ഡീസൽ എൻജിൻ ഓപ്ഷനോടെയുമാകും ഓറ വിപണിയിലെത്തുകയെന്നാണ് കമ്പനി നല്‍കുന്ന സൂചന. ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും അവ.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകള്‍ നല്‍കും. എന്നാല്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നല്‍കൂ. ഭാവിയില്‍ ഈ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് പ്രതീക്ഷിക്കാം. പ്രകടനത്തിലെ കാര്യക്ഷമത ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും വാഹനം മികച്ചു നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്തായാലും ഡിസംബര്‍ 19ന് നടക്കുന്ന ആദ്യപ്രദര്‍ശനത്തെ വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios