ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ സൂപ്പേർബ് സെഡാന്‍റെ പരിഷ്‍കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇതിനൊപ്പം പുതിയ കൊഡിയാക്ക് എസ്‌യുവിയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്‌കോഡ ഇന്ത്യ വ്യക്തമാക്കി. 2020 മെയ് മാസത്തിൽ സൂപ്പേർബ് ഫെയ്‌സ്‌ലിഫ്റ്റും ഏപ്രിൽ മാസത്തിൽ കോഡിയാക്കും വിൽപ്പനയ്‌ക്കെത്തിയേക്കും.

ട്വിറ്ററിലൂടെ സ്കോഡ ഇന്ത്യ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  പുതിയ ബിഎസ്6 യൂണിറ്റ് പെട്രോൾ എഞ്ചിൻ ആയിരിക്കും പുതിയ സ്‍കോഡ സൂപ്പേർബിന്‍റെ ഹൃദയം. അതിൽ 1.5 ലിറ്റർ, 2.0 ലിറ്റർ എന്നിങ്ങനെ രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു. 1.6 ലിറ്റർ, 2.0 ലിറ്റർ യൂണിറ്റ് ഡീസൽ എഞ്ചിനുകളുമായി പുതിയ സ്കോഡ സൂപ്പേർബ് എത്തിയേക്കും.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷൻ എല്ലാ എഞ്ചിനുകൾക്കും ലഭിക്കും. ഇപ്പോൾ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ‌ലൈറ്റുകൾ കാറിന്റെ പിൻവശത്ത് ഇടംപിടിക്കുന്നു. ഇത് ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

നിരവധി സൂക്ഷ്മമായ നവീകരണങ്ങൾ പുതിയ 2020 മോഡലിന്റെ രൂപകൽപ്പനയിലും സവിശേഷതകളിലും സ്കോഡ വരുത്തിയിട്ടുണ്ട്. പുതിയ സൂപ്പേർബ് സെഡാൻ ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളുമുള്ള സ്ലീക്കർ ലുക്കിംഗ് മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുമായാണ് എത്തുന്നത്.

ഇന്ത്യയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളും പരിഷ്കരിച്ച പതിപ്പുകളും അവതരിപ്പിക്കുമെന്ന് സ്‍കോഡ ഇന്ത്യ നേരത്തെയും വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന് സ്കോഡ ഇന്ത്യ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് തന്നെയാണ് നേരത്തെയും ട്വീറ്റിലൂടെ വ്യക്തമാക്കിയത്. പുതിയ മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സ്കോഡ സഇഒ ബെർ‌ണാർഡ് മെയറും വ്യക്തമാക്കിയിരുന്നു.

അതേസമയം ഒക്ടാവിയ ആര്‍എസ് വീണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കാനുമൊരുങ്ങുകയാണ് സ്‌കോഡ. യൂറോപ്പില്‍ വില്‍ക്കുന്ന അതേ മോഡലായ 245 ബിഎച്ച്പി ട്യൂണിലുള്ള എന്‍ജിന്‍ ഉപയോഗിക്കുന്ന സ്‌കോഡ ഒക്ടാവിയ ആര്‍എസ് ആയിരിക്കും ഇത്തവണ ഇന്ത്യയിലെത്തുന്നത്.

2020 ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 200 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. പൂര്‍ണമായും നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്.

നിലവില്‍ ഇന്ത്യയില്‍ വിറ്റിരുന്ന മുന്‍ മോഡലിനേക്കാള്‍ സ്‌പോര്‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആര്‍എസ്. വാഹനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൗണ്ട് ക്ലിയറന്‍സ് താഴ്ന്നതായിരിക്കും. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തില്‍.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പരസ്‍പരം ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.