Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ കൂടുതല്‍ ഡീലർഷിപ്പുകൾ തുറക്കാന്‍ സ്കോഡ

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ. 

Skoda to open more dealerships in India
Author
Kerala, First Published Jul 6, 2021, 3:37 PM IST

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 150 ല്‍ അധികം ഡീലർഷിപ്പുകൾ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ 2021-2022 സാമ്പത്തിക വർഷത്തിൽ 30,000 കാറുകളുടെ വിൽപ്പന നടത്താനും ബ്രാൻഡിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ സ്‍കോഡയുടെ അതിശക്തമായി തിരിച്ചുവരവിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2021 പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർബ്, ഒക്‌ടാവിയ എന്നീ ആഡംബര സെഡാനുകളുടെ പരിഷ്ക്കരിച്ച പതിപ്പുകൾ പുറത്തിറക്കിയതിനു പിന്നാലെ രാജ്യത്തെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്‍കോഡ.

90 ശതമാനത്തോളം പ്രാദേശികമായി നിർമിച്ച കുഷാഖ് എന്ന മോഡലുമായിട്ടാണ് ഈ സെഗ്മെന്‍റിലേക്കുള്ള സ്‍കോഡയുടെ രംഗപ്രവേശം. ഭാവിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായും നിലവിലെ വാഹന ഉടമകൾക്ക് മികച്ച സേവനം നൽകുന്നതിനുമായിട്ടാണ് സ്കോഡയുടെ ഇനിയുള്ള നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. കുഷാഖിന്‍റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെൽറ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ഈ വർഷം എസ്‌യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ കാര്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 അവസാനത്തോടെ 60,000 യൂണിറ്റുകളും വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിൽപ്പനയ്ക്ക് വേഗം കൂട്ടാൻ കുഷാഖിന്റെ മോണ്ടെ കാർലോ പതിപ്പും സമീപ ഭാവിയിൽ കമ്പനി ഇന്ത്യയില്‍ എത്തിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനോടകം തന്നെ കുഷാഖിന് വിപണിയിൽ നിന്നും മികച്ച സ്വീകാര്യത നേടാനായതും സ്കോഡയ്ക്ക് പ്രതീക്ഷയേകിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ വാഹന പ്രേമികളുടെ എസ്‌യുവി കമ്പവും ബ്രാൻഡിന് പ്രതീക്ഷകൾ നൽകുന്നു. എന്തായാലും ആകർഷകമായ വില നിർണയവും കുഷാഖിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കും. രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌.  സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. പേരുപോലെ തന്നെ സകല എതിരാളികളെയും ഞെട്ടിക്കുന്ന വിലയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 2021 മാര്‍ച്ചിലാണ് കമ്പനി ആദ്യമായി ഈ മോഡലിനെ അവതരിപ്പിക്കുന്നത്. 2020 ദില്ലി ഓട്ടോ എക്സ്പോയിലും ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്‍റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്.  സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് കുഷാക്കില്‍ നല്‍കിയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios