Asianet News MalayalamAsianet News Malayalam

പുതിയ പദ്ധതികളുമായി കിയ, സോള്‍ ഇവിയും എത്തിയേക്കും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയയുടെ ഇലക്ട്രിക് വാഹനം സോളിനെ ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് അവതരിപ്പിച്ചത്.  ഈ വാഹനം ചിലപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കപ്പെട്ടേക്കാമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

South Korean carmaker Kia s electric vehicle Seoul s EV may also arrive
Author
India, First Published Sep 14, 2021, 8:44 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയയുടെ ഇലക്ട്രിക് വാഹനം സോളിനെ ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് അവതരിപ്പിച്ചത്.  ഈ വാഹനം ചിലപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കപ്പെട്ടേക്കാമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സോളിന്‍റെ ഇന്ത്യൻ അരങ്ങേറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.  പെട്രോൾ, ഇലക്ട്രിക് വകഭേദങ്ങളിൽ രാജ്യാന്തര വിപണിയിൽ വിൽപനയിലുള്ള വാഹനത്തിന്‍റെ പേരിന് ഇന്ത്യയിൽ ട്രേഡ്മാർക്ക് കിയ ഈ ജൂണ്‍ മാസത്തില്‍ നേടിയെടുത്തിരുന്നു.

ടോൾബോയ് ഡിസൈനിലുള്ള ഹാച്ച്ബാക്കാണ് കിയ സോൾ. സ്പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്സി ഡിസൈനിലാണ് വാഹനം ഒരുങ്ങിയിട്ടുള്ളത്. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്റ്റൈലിഷ് ടെയ്ല്‍ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.

ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

അന്താരാഷ്ട്ര വിപണിയിൽ മൂന്ന് പെട്രോൾ എൻജിൻ വകഭേദങ്ങളാണ് സോൾ വാഗ്ദാനം ചെയ്യുന്നത്. രണ്ടു ലീറ്റർ പെട്രോൾ, 1.6 ലീറ്റർ ടർബൊ പെട്രോൾ, ഇലക്ട്രിക് പതിപ്പുകളിൽ വാഹനം വിപണിയിലുണ്ട്. 121 ബി.എച്ച്.പി കരുത്തും 150 എൻ.എം ടോർക്കുമാണ് 1.6 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനാണ്. 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ 198 ബി.എച്ച്.പി കരുത്ത് നൽകും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‍മിഷനാണ് ഇതിലുള്ളത്. മറ്റൊന്ന് 2.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ട്രാൻസിമിഷനാണ് ഇതില്‍. ഇലക്ട്രിക് പതിപ്പിന് 64 കിലോവാട്ട് ബാറ്ററി മോഡലും 39.2 കിലോവാട്ട് ബാറ്ററി മോഡലുമുണ്ട്. ഉയർന്ന് വകഭേദം ഒറ്റ ചാർജിൽ 452 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 39.2 കിലോവാട്ട് മോഡലിന്റെ റേ‍ഞ്ച് 277 കിലോമീറ്ററാണ്.

2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ എത്തിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2008 മുതൽ വിപണിയിലുള്ള സോളിന്റെ മൂന്നാം തലമുറയാണ് നിലവിൽ രാജ്യാന്തര വിപണിയിൽ വിൽപനയിലുള്ളത്. 4195 എംഎം നീളവും 1800 എംഎം വീതിയും 1605 എംഎം ഉയരവുണ്ട് സോളിന്.

അതേസമയം എത്തി വെറും രണ്ടു വർഷത്തിനിടെ മികച്ച പ്രകടനമാണ് ഹ്യുണ്ടായി മോട്ടോറിന്റെ സഹസ്ഥാപനമായ കിയ ഇന്ത്യന്‍ വിപണിയില്‍ കാഴ്‍ചവച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുത്തൻ അവതരണങ്ങൾക്ക് ഒരുങ്ങുകയാണു കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ലാഭക്ഷമത നിലനിർത്താനായി നിലവിലുള്ള ചില മോഡലുകളുടെ വില വർധിപ്പിക്കാനും കിയ ഇന്ത്യ ആലോചിക്കുന്നുണ്ട്.  നിലവിൽ ഇവിടെ വിൽപ്പനയ്ക്കുള്ള എസ്‌യുവിയായ സെൽറ്റൊസ് അടിസ്ഥാനമാക്കിയുള്ള എംപി വിയും ആയിരിക്കും അടുത്ത വർഷത്തോടെ കിയ ഇന്ത്യയിലെത്തിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Follow Us:
Download App:
  • android
  • ios