അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ എട്ട് പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കി 50 ശതമാനം വിപണി വിഹിതം തിരിച്ചുപിടിക്കാൻ സുസുക്കി മോട്ടോർ കോർപ്പറേഷൻ പദ്ധതിയിടുന്നു. 

ടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ എട്ട് പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കാൻ സുസുക്കി മോട്ടോർ കോർപ്പറേഷൻ പദ്ധതിയിടുന്നു. ഇതോടെ കമ്പനിയുടെ മൊത്തം ശ്രേണി 28 ആയി ഉയരുമെന്ന് കമ്പനി പ്രസിഡന്‍റ് തോഷിഹിരോ സുസുക്കി ബുധനാഴ്ച പ്രഖ്യാപിച്ചു. എതിരാളികൾക്ക് നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്.

ഇന്ത്യയിൽ തങ്ങളുടെ പഴയ 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ തോഷിഹിരോ സുസുക്കി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ മത്സരം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സുസുക്കിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതി സുസുക്കിയുടെ ശ്രദ്ധ എസ്‌യുവികളിൽ

ആഗോളതലത്തിൽ സുസുക്കിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ കമ്പനി അതിന്റെ അനുബന്ധ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വഴിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ചെറുകാർ വിഭാഗത്തിൽ മാരുതി സുസുക്കി വളരെക്കാലമായി ഒരു നേതാവാണ്. എന്നാൽ സമീപ വർഷങ്ങളിൽ എസ്‌യുവികൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കമ്പനിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇപ്പോൾ, എസ്‌യുവി ശ്രേണി വേഗത്തിൽ വികസിപ്പിച്ചുകൊണ്ട് പ്രീമിയം, ഉയർന്ന വളർച്ചയുള്ള വിഭാഗങ്ങളിൽ സുസുക്കി തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും കോംപാക്റ്റ് കാർ വിഭാഗത്തിൽ നേതൃത്വം നിലനിർത്താനും സുസുക്കി ശ്രമിക്കുന്നു.

വിക്ടോറിസിന് മികച്ച പ്രതികരണം

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പുതിയ എസ്‌യുവിയായ വിക്ടോറിസ് പുറത്തിറക്കി. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ ഈ കാറിന് 25,000ച്ചിൽ അധികം ബുക്കിംഗുകൾ ലഭിച്ചു. ഉത്സവ സീസണിന്റെ തുടക്കത്തോടെ, ലക്ഷ്യം വച്ചുകൊണ്ട്, കമ്പനി ആദ്യ യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. 10.49 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം മുതൽ വിലയുള്ള വിക്ടോറിസ് എസ്‌യുവി 21 വേരിയന്റുകളിൽ ലഭ്യമാണ്. ഓൾ-വീൽ-ഡ്രൈവ് (AWD) പതിപ്പ് ഉൾപ്പെടെ പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ്, S-CNG പവർട്രെയിൻ ഓപ്ഷനുകളുമായി ഇത് വരുന്നു.

മാരുതി സുസുക്കി നിലവിൽ ആഭ്യന്തര വിപണിയിൽ 18 മോഡലുകൾ വിൽക്കുന്നുണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ 51.2 ശതമാനമായിരുന്ന വിപണി വിഹിതം 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 38.8 ശതമാനമായി കുറഞ്ഞു. ഇന്ത്യയ്ക്കായുള്ള തന്ത്രത്തെക്കുറിച്ച് വിശദീകരിച്ച സുസുക്കി, ആഭ്യന്തര വിപണിയിൽ 50 ശതമാനം വിഹിതം നേടുന്നതിലും കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പറഞ്ഞു. ആഭ്യന്തര, കയറ്റുമതി വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എംഎസ്ഐ പ്ലാന്റുകളുടെ ഉൽപാദന ശേഷി പ്രതിവർഷം നാല് ദശലക്ഷം യൂണിറ്റായി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.