ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവികളായ ഹാരിയറിന്റെയും സഫാരിയുടെയും പുതിയ സ്റ്റെൽത്ത് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയർ, ഓൾ-ബ്ലാക്ക് ഇന്റീരിയർ, കൂടുതൽ പ്രീമിയം ഫീച്ചറുകൾ എന്നിവയാണ് ഈ പുതിയ പതിപ്പുകളുടെ പ്രധാന ആകർഷണം.
രാജ്യത്തെ പ്രീമിയം എസ്‌യുവി വിപണിയിൽ മത്സരം കൂടുതൽ ശക്തമാക്കി ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ജനപ്രിയ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയുടെ പുതിയ സ്റ്റെൽത്ത് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ സ്റ്റീൽത്ത് ബ്ലാക്ക് എക്സ്റ്റീരിയർ, ഓൾ-ബ്ലാക്ക് ഇന്റീരിയർ, കൂടുതൽ പ്രീമിയം ഫിനിഷ് എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണങ്ങൾ. എന്നാൽ എഞ്ചിനിലും പ്രകടനത്തിലും കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
2026 ടാറ്റ ഹാരിയർ സ്റ്റെൽത്ത് എഡിഷന് 23.43 ലക്ഷം മുതൽ 26.01 ലക്ഷം വരെയും, സഫാരി സ്റ്റെൽത്ത് എഡിഷന് 24.09 ലക്ഷം മുതൽ 26.76 ലക്ഷം വരെയുമാണ് എക്‌സ്-ഷോറൂം വില. രണ്ട് എസ്‌യുവികളുടെയും ടോപ്പ്-സ്പെക് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. നേരത്തെയും ടാറ്റ സ്റ്റെൽത്ത് എഡിഷൻ അവതരിപ്പിച്ചിരുന്നെങ്കിലും അത് പരിമിത എണ്ണം വാഹനങ്ങളിലേക്ക് മാത്രമായിരുന്നു. ഇത്തവണ കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പതിപ്പ് എത്തുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ, പുതിയ 'സ്റ്റെൽത്ത് ബ്ലാക്ക്' നിറമാണ് ഈ പതിപ്പിന്റെ പ്രധാന പ്രത്യേകത. മാറ്റ് ഫിനിഷോടുകൂടിയ 19 ഇഞ്ച് അലോയ് വീലുകൾ, ഫ്രണ്ട് ഫെൻഡറിലെ സ്റ്റെൽത്ത് ബാഡ്‍ജിംഗ് എന്നിവ എസ്‌യുവികൾക്ക് കൂടുതൽ വ്യത്യസ്തമായ രൂപം നൽകുന്നു. ബോൾഡ് ഡിസൈൻ നിലനിർത്തിക്കൊണ്ട് പ്രീമിയം ഫിനിഷ് കൂട്ടിച്ചേർത്തതാണ് ടാറ്റയുടെ പുതിയ ശ്രമം.
കാബിനിലും മാറ്റങ്ങൾ ശ്രദ്ധേയമാണ്. പൂർണമായും കറുപ്പ് തീമിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. കാർബൺ നോയർ ലെതറെറ്റ് സീറ്റുകൾ, പുതിയ ടെറൈൻ റെസ്‌പോൺസ് ഡയൽ, പ്രീമിയം ഫിനിഷുള്ള ഡാഷ്‌ബോർഡ് എന്നിവ യാത്രാനുഭവം കൂടുതൽ ആഡംബരമാക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തിലും സ്റ്റെൽത്ത് എഡിഷൻ സമ്പന്നമാണ്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 13-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അലെക്സ കണക്ടിവിറ്റി, 360-ഡിഗ്രി ക്യാമറ, ലെവൽ-2 എഡിഎഎസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
മെക്കാനിക്കലായി മാറ്റങ്ങളൊന്നുമില്ല. 170 hp കരുത്തും 280 Nm ടോർക്കും നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, 170 hp കരുത്തും 350 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനും തുടരും. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്.
സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ രൂപവും കൂടുതൽ പ്രീമിയം അനുഭവവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഹാരിയർ, സഫാരി സ്റ്റെൽത്ത് എഡിഷനിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. മഹീന്ദ്ര XUV700 ഉൾപ്പെടെയുള്ള പ്രീമിയം എസ്‌യുവികൾക്ക് ശക്തമായ ബദലായി ഈ പുതിയ പതിപ്പുകൾ മാറുമെന്ന പ്രതീക്ഷയിലാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ.
