ടാറ്റ ഹാരിയർ ഇവി സ്റ്റെൽത്ത് എഡിഷൻ പുറത്തിറങ്ങി. കറുത്ത നിറത്തിലുള്ള ബോഡിയും മികച്ച സവിശേഷതകളുമായി എത്തുന്ന ഈ പതിപ്പ് എംപവേർഡ് ആർഡബ്ല്യുഡി, എഡബ്ല്യുഡി വേരിയന്റുകളിൽ ലഭ്യമാണ്.

ടാറ്റ ഹാരിയർ ഇവി സ്റ്റെൽത്ത് എഡിഷൻ ഉൾപ്പെടെയുള്ള എല്ലാ വേരിയന്റുകളുടെയും വിലകൾ കമ്പനി പ്രഖ്യാപിച്ചു. ഉയർന്ന നിലവാരമുള്ള എംപവേർഡ് ആർഡബ്ല്യുഡി, എഡബ്ല്യുഡി വേരിയന്റുകളിൽ മാത്രമായി സ്റ്റെൽത്ത് എഡിഷൻ വാഗ്‍ദാനം ചെയ്യുന്നു. യഥാക്രമം 28.24 ലക്ഷം രൂപയും 29.74 ലക്ഷം രൂപയുമാണ് ഈ പതിപ്പുകളുടെ വില. സാധാരണ എംപവേർഡ് വേരിയന്റുകളെ അപേക്ഷിച്ച്, ഈ ഓൾ-ബ്ലാക്ക് വേരിയന്റിന് ഏകദേശം 75,000 രൂപ വില കൂടുതലാണ്.

സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിൽ മാറ്റ് ഫിനിഷോടെയാണ് ഹാരിയർ ഇവിയുടെ വരവ്. അകത്തും പുറത്തും 'സ്റ്റെൽത്ത് എഡിഷൻ' എന്ന ബാഡ്‍ജിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള 19 ഇഞ്ച് അലോയി വീലുകൾ സാധാരണ ഹാരിയർ ഇവിയിൽ നിന്ന് ഇതിനെ കൂടുതൽ വ്യത്യസ്‍തമാക്കുന്നു. ഈ പതിപ്പ് പൂർണ്ണമായും കറുത്ത നിറത്തിലുള്ള ക്യാബിൻ തീം വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഫീച്ചർ ലിസ്റ്റ് സാധാരണ എംപവേർഡ് വേരിയന്റുകൾക്ക് സമാനമാണ്.

10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 14.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോ എസി, ഡോൾബി അറ്റ്‌മോസുള്ള 10-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിങ്ങനെ സാധാരണ ഫുൾ ലോഡഡ് വേരിയന്‍റിലുള്ള എല്ലാ സവിശേഷതകളും ഹാരിയർ ഇവി സ്റ്റെൽത്ത് എഡിഷനും വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി, ഏഴ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‍സി), ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ലെവൽ-2 എഡിഎഎസ് തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.

സാധാരണ എംപവേർഡ് വേരിയന്‍റിന് സമാനമായി, സ്റ്റെൽത്ത് എഡിഷനിൽ 75kWh ബാറ്ററി പായ്ക്ക്, റിയർ ആക്‌സിൽ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഈ സജ്ജീകരണം പൂർണ്ണ ചാർജിൽ 627 കിലോമീറ്റർ എആർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് നൽകുന്നുവെന്ന് അവകാശപ്പെടുന്നു. ഇതിന്റെ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 238bhp ഉം 315Nm ഉം ആണ്. 7.2kW AC (10.7 മണിക്കൂറിനുള്ളിൽ 10 മുതൽ 100% വരെ), 100kW ഡിസി ഫാസ്റ്റ് ചാർജറുകൾ (വെറും 25 മിനിറ്റിനുള്ളിൽ 20 മുതൽ 80% വരെ) ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.