ഇന്ത്യയിലെ ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലിമിറ്റഡ് എഡിഷൻ റേഞ്ച് റോവർ മോഡലുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യൻ വിപണിയിൽ വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത കൂടുതൽ റേഞ്ച് റോവർ ലിമിറ്റഡ് എഡിഷൻ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വിപണിയിലെ വ്യത്യസ്ത തരം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, രാജ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലിമിറ്റഡ് എഡിഷൻ റേഞ്ച് റോവർ മോഡലുകളുടെ കൂടുതൽ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് റേഞ്ച് റോവർ ബ്രാൻഡ് ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ലിംപെർട്ട് പിടിഐയോട് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡാണ് റേഞ്ച് റോവർ. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ കമ്പനി വളർച്ച പ്രതീക്ഷിക്കുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം അതിവേഗം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇവിടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ.
ഹൗസ് ഓഫ് ബ്രാൻഡ്സ് സ്ഥാനനിർണ്ണയത്തിന് കീഴിൽ, ജാഗ്വാർ, റേഞ്ച് റോവർ, ഡിസ്കവറി , ഡിഫെൻഡർ എന്നീ നാല് ബ്രാൻഡുകൾക്കായി വ്യക്തിഗത വളർച്ചാ തന്ത്രങ്ങൾ വികസിപ്പിക്കാൻ ജാഗ്വാർ ലാൻഡ് റോവർ പദ്ധതിയിടുന്നു. ഓരോന്നും ഒരു പ്രത്യേക പ്രേക്ഷകരെയും റീട്ടെയിൽ ലാൻഡ്‌സ്കേപ്പിനെയും തൃപ്തിപ്പെടുത്തുന്നു. റേഞ്ച് റോവറിന്റെയും റേഞ്ച് റോവർ സ്‌പോർട്ടിന്റെയും പ്രാദേശിക നിർമ്മാണം ഇന്ത്യയിൽ റേഞ്ച് റോവർ ഇതിനകം പ്രഖ്യാപിച്ചു.
പണത്തിന് മൂല്യം തേടുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ റേഞ്ച് റോവറിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രാദേശികവൽക്കരണം ഒരു പരിധിവരെ ഈ തന്ത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മാർട്ടിൻ ലിംപെർട്ട് പറഞ്ഞു. ആ വളർച്ചാ പദ്ധതിയിൽ ലിമിറ്റഡ് എഡിഷൻ മോഡലുകൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ആദ്യമായി രൺതംബോർ പതിപ്പിനൊപ്പം ഒരു ലിമിറ്റഡ് എഡിഷനും കമ്പനി പുറത്തിറക്കിയെന്നും ഉപഭോക്താക്കൾക്ക് ഈ ആശയം ഇഷ്ടപ്പെട്ടതിനാൽ തദ്ദേശീയമായി നിർമ്മിച്ച 12 കാറുകൾ ഒരു ആഴ്ചയ്ക്കുള്ളിൽ വിറ്റഴിക്കപ്പെട്ടുവെന്നും ലിംപെർട്ട് പറഞ്ഞു. ഇന്ത്യൻ വിപണിക്കായി കൂടുതൽ വകഭേദങ്ങളും ഉപഭോക്തൃ-നിർദ്ദിഷ്ട വാഹനങ്ങളും നിർമ്മിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ബ്രാൻഡിന് വലിയ പ്രശസ്‍തി ഉണ്ടെന്ന് ലിംപെർട്ട് പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ഒരു വലിയ വളർച്ചാ അവസരമുണ്ടെന്ന വസ്‍തുത കമ്പനി അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇതൊരു വലിയ വിപണിയാണ്. ഇവിടെ 65 ശതമാനം ആളുകളും 35 വയസിന് താഴെ ഉള്ളവരാണെന്ന് ഞാൻ കരുതുന്നു, അതിനാൽ മുന്നോട്ട് പോകുമ്പോൾ ആ ആളുകളോടൊപ്പം, അധ്വാനിക്കുന്ന ജനസംഖ്യയോടൊപ്പം, വർദ്ധിച്ചുവരുന്ന സമ്പത്തിനൊപ്പം വളരാൻ ഞങ്ങൾക്കും അവസരമുണ്ട്" ലിംപെർട്ട് വ്യക്തമാക്കുന്നു.


