ടൊയോട്ട ഫോർച്യൂണറിനേക്കാൾ ചെറുതായ ഒരു പുതിയ കോം‌പാക്റ്റ് എസ്‌യുവി 2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ അനാച്ഛാദനം ചെയ്യുമെന്ന് റിപ്പോർട്ട്. ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്ജെ എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ മോഡൽ കൊറോള ക്രോസിന് ഒരു ഓഫ്-റോഡ് ഓറിയന്റഡ് ഓപ്ഷനായിരിക്കും.

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ഫോർച്യൂണറിനേക്കാൾ ചെറുതായ ഒരു പുതിയ കോം‌പാക്റ്റ് എസ്‌യുവിയുടെ നിർമ്മാണത്തിലാണ് എന്ന് കുറച്ചുകാലമായി റിപ്പോർട്ടുകൾ ഉണ്ട്. ഈ മോഡലിന്റെ കോഡ് നാമം ടൊയോട്ട 500D എന്നാണ്. ഇപ്പോൾ ജപ്പാനിലെ ബെസ്റ്റ് കാർ മാഗസിൻ 2025 ജൂൺ 10 ലെ ഏറ്റവും പുതിയ ലക്കത്തിലെ ഒരു ലേഖനത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്ജെയെക്കുറിച്ചുള്ള ചില പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 29 ന് ആരംഭിക്കുന്ന 2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്ജെ അനാച്ഛാദനം ചെയ്യും. ഇത് ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ എന്നായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

കോം‌പാക്റ്റ് എസ്‌യുവികൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചുവരുന്നതിനാലും ഇലക്ട്രിക് കാറുകൾക്കുള്ള ഡിമാൻഡ് കുറവായതിനാലും 4×4 വാഹനങ്ങൾ ഇഷ്ടപ്പെടുന്ന യുവാക്കൾക്കും ഉപഭോക്താക്കൾക്കുമായി ഒരു പുതിയ കോം‌പാക്റ്റ് എസ്‌യുവിയിൽ നിക്ഷേപിക്കാൻ ടൊയോട്ട തീരുമാനിച്ചതായിറിപ്പോർട്ടുകൾ അവകാശപ്പെടുന്നു. വരാനിരിക്കുന്ന ഈ പുതിയ എസ്‌യുവിയുടെ നീളം 4,410 എംഎം, വീതി 1,855 എംഎം, ഉയരം 1,870 എംഎം എന്നിങ്ങനെ ആയിരിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മോഡൽ കൊറോള ക്രോസിന് ഒരു ഓഫ്-റോഡ് ഓറിയന്റഡ് ഓപ്ഷനായിരിക്കും. ഇതിനുപുറമെ, ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെയുടെ വീൽബേസ് 2,580 എംഎം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുഞ്ഞന ഫോർച്യൂണറിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ, ടൊയോട്ട കോംപാക്റ്റ് ക്രൂയിസർ ഇവി കൺസെപ്റ്റ്, ടൊയോട്ട ലാൻഡ് ക്രൂയിസർ 250 (ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ) എന്നിവ പോലെ ആകാൻ സാധ്യതയുണ്ട്. ടൊയോട്ട 500D യുടെ പേരിൽ എഫ്‍ജെ ആണ് ഉപയോഗിക്കുന്നതെങ്കിൽ എഫ്‍ജെ ക്രൂയിസറിലേതുപോലെ കട്ടിയുള്ള ഒരു സി-പില്ലർ ഇതിന് ഉണ്ടായിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ജപ്പാനിലും മറ്റ് ഏഷ്യൻ വിപണികളിലും, ടൊയോട്ടയ്ക്ക് ലാൻഡ് ക്രൂയിസർ എഫ്‍ജെ 2TR-FE 2.7 ലിറ്റർ പെട്രോൾ, 1GD-FTV 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാൻ കഴിയും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ടാകാം. മുൻനിര മോഡലുകളിൽ 40:60 ഫ്രണ്ട്-റിയർ ടോർക്ക് സ്പ്ലിറ്റുള്ള ഒരു ഫുൾ-ടൈം 4WD സിസ്റ്റം വാഗ്ദാനം ചെയ്യാവുന്നതാണ്. ഓഫ്-റോഡ് സാഹചര്യങ്ങളിൽ ട്രാക്ഷനും സ്ഥിരതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് പിന്നിൽ ഒരു സെന്റർ-ലോക്കിംഗ് ഡിഫറൻഷ്യലും ടോർസെൻ ലിമിറ്റഡ്-സ്പ്ലിറ്റ് ഡിഫറൻഷ്യലും പ്രതീക്ഷിക്കുന്നു.

അമേരിക്ക പോലുള്ള പാശ്ചാത്യ വിപണികളിൽ ആയിരിക്കും ടൊയോട്ട ആദ്യം ലാൻഡ് ക്രൂയിസർ എഫ്‍ജെ പുറത്തിറക്കുക. അവിടെ, ഡീസൽ എഞ്ചിന് പകരം ഒരു പെട്രോൾ എഞ്ചിൻ ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യാൻ കഴിയും. ടൊയോട്ട തായ്‌ലൻഡിലെ ബാൻ ഫോ പ്ലാന്റിൽ ലാൻഡ് ക്രൂയിസർ എഫ്ജെ നിർമ്മിക്കും എന്നും വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) ഫോർച്യൂണറിന് താഴെ ഒരു എസ്‌യുവി പുറത്തിറക്കാൻ പദ്ധതിയിടുന്നതായി ഇന്ത്യയിൽ വാർത്തകളുണ്ട്. ഈ മോഡൽ ഒരു മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് സംഭവിച്ചാൽ, ആഗോള ലാൻഡ് ക്രൂയിസർ എഫ്ജെ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത കുറയും.