ടൊയോട്ട റൂമിയോണിന്റെ എല്ലാ വകഭേദങ്ങളുടെയും വില 12,500 രൂപ വർദ്ധിച്ചു. പ്രാരംഭ എക്സ്-ഷോറൂം വില ഇപ്പോൾ 10.66 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന വേരിയന്റിന് 13.95 ലക്ഷം രൂപയും.
ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന എംപിവിയായ ടൊയോട്ട റൂമിയന്‍റെ വിലയിൽ മാറ്റം വരുത്തി. റൂമിയന്റെ എല്ലാ വകഭേദങ്ങളിലും ഈ വർധനവ് സംഭവിച്ചു. 10.66 ലക്ഷം രൂപയാണ് ഇപ്പോൾ അതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. അതായത്, ഈ എംപിവിയുടെ വില 12,500 രൂപ വർദ്ധിച്ചു. അതേസമയം, ഏറ്റവും ഉയർന്ന വേരിയന്റിന്റെ എക്സ്-ഷോറൂം വില വില ഇപ്പോൾ 13.95 ലക്ഷം രൂപയാണ്.
മാരുതി സുസുക്കി എർട്ടിഗയുടെ റീബ്രാൻഡഡ് വേരിയന്റാണ് ടൊയോട്ട റൂമിയോൺ. മാരുതി സുസുക്കി എർട്ടിഗ ഒന്നിലധികം വേരിയന്റുകളിൽ വിൽക്കുമ്പോൾ, ടൊയോട്ട റൂമിയോൺ എസ്, ജി, വി എന്നീ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.
എർട്ടിഗയുടെ അതേ ചേസിസിലാണ് ടൊയോട്ട റൂമിയോൺ നിർമ്മിച്ചിരിക്കുന്നത്. എങ്കിലും ജനപ്രിയ എംപിവിയായ എർട്ടിഗയിൽ നിന്ന് അതിനെ വേറിട്ടു നിർത്തുന്ന അതിശയകരമായ ഡിസൈൻ ഘടകങ്ങൾ റൂമിയണിന് ലഭിക്കുന്നു. ഇരുവശത്തുമുള്ള യഥാർത്ഥ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾക്ക് പകരമായി മെഷ് ഡിസൈൻ ഉള്ള ഒരു അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്ലാണ് ഇതിന് ലഭിക്കുന്നത്. മുന്നിലെയും പിന്നിലെയും ബമ്പറുകൾ പരിഷ്‍കരിച്ചു. കൂടാതെ വാഹനത്തിന് പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ലഭിക്കുന്നു. ഇതിനുപുറമെ, ഇന്ത്യയിൽ ഏഴ് സീറ്റർ മോഡലിലാണ് റൂമിയോൺ വരുന്നത്.
ടൊയോട്ട റൂമിയന്റെ ഇന്റീരിയറിൽ ഫോക്സ് വുഡ് ആക്സന്റുകളുള്ള ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഡാഷ്‌ബോർഡ് ഉണ്ട്. ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സവിശേഷതകൾ ഇതിലുണ്ട്.
102 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയണിന്റെ കരുത്ത്. മുൻ ചക്രങ്ങൾക്ക് കരുത്ത് പകരുന്ന അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനാണ് ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, 87 bhp പവറും 121 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു CNG വേരിയന്റും ടൊയോട്ട റൂമിയണിന് ലഭിക്കുന്നു. ഇത് മാനുവൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
