2026 ഓഗസ്റ്റിൽ രണ്ട് പുതിയ 7 സീറ്റർ എസ്‌യുവികൾ വിപണിയിലെത്താൻ സാധ്യത. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ പുതിയ മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവിയും മഹീന്ദ്രയുടെ സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റുമാണ് ഈ വാഹനങ്ങൾ. എംജിയുടെ ഇലക്ട്രിക് എസ്‌യുവി 600 കിമീ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ, സ്കോർപിയോ N-ന് ഡിസൈൻ മാറ്റങ്ങളും പുതിയ ഫീച്ചറുകളും ലഭിക്കും.

ഴ് സീറ്റർ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവരാണോ? എങ്കിൽ 2026 ഓഗസ്റ്റിൽ വിപണിയിലെത്തുന്ന രണ്ട് പുതിയ മോഡലുകൾക്കായി കാത്തിരിക്കാം. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ പുതിയ മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവിയും മഹീന്ദ്രയുടെ സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റുമാണ് അടുത്ത മാസം ശ്രദ്ധ നേടാൻ സാധ്യതയുള്ള വാഹനങ്ങൾ. അതേസമയം, ഇരു വാഹനങ്ങളുടെയും ലോഞ്ച് തീയതിയോ പൂർണ സവിശേഷതകളോ സംബന്ധിച്ച് കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ പുറത്തുവന്ന വിവരങ്ങൾ പ്രധാനമായും സ്പൈ ചിത്രങ്ങളെയും ഓട്ടോമൊബൈൽ മേഖലയിലെ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

എംജിയിൽ നിന്ന് പ്രീമിയം 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി

എംജിയുടെ പുതിയ മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവി ADAPT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുളിംഗ് എക്‌ഷൻ (വുളിംഗ് സ്റ്റാർലൈറ്റ് 560) മോഡലിനെ അടിസ്ഥാനമാക്കിയാണ് വാഹനം വികസിപ്പിക്കുന്നത് എന്നാണ് സൂചന. 69kWh ബാറ്ററി പായ്ക്കും 210 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമാണ് എസ്‌യുവിക്ക് ലഭിക്കാനിടയുള്ളത്. ഒറ്റ ചാർജിൽ ഏകദേശം 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 2+3+2 സീറ്റിംഗ് കോൺഫിഗറേഷനോടെയാകും വാഹനം എത്തുക. രണ്ടാം നിരയിൽ ബെഞ്ച് സീറ്റും മൂന്നാം നിരയിൽ രണ്ട് വ്യക്തിഗത സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ 12.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, ലെവൽ-2 എഡിഎഎസ് (ADAS) തുടങ്ങിയവ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റുമായി മഹീന്ദ്രയും

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്ന പതിവ് തുടർന്നുകൊണ്ട്, 2026 ഓഗസ്റ്റ് 15-ന് മഹീന്ദ്ര സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പൈ ചിത്രങ്ങൾ പ്രകാരം, നിലവിലെ മോഡലിനെ അപേക്ഷിച്ച് ചെറിയ ഡിസൈൻ മാറ്റങ്ങളാകും വാഹനത്തിന് ലഭിക്കുക. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, റീഡിസൈൻ ചെയ്ത ബമ്പർ, പുതിയ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പ് ഹൗസിങ്, പുതിയ അലോയ് വീലുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന മാറ്റങ്ങളാകുമെന്നാണ് വിലയിരുത്തൽ.

കാബിനിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, നവീകരിച്ച ഇന്റീരിയർ ട്രിമ്മുകൾ എന്നിവ ലഭിക്കാനാണ് സാധ്യത. മെക്കാനിക്കൽ വിഭാഗത്തിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾ തന്നെ പുതിയ സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ.