2026 ദീപാവലിക്ക് മുന്നോടിയായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സും റെനോ ഇന്ത്യയും ഓരോ പുതിയ ഹൈബ്രിഡ് എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജെറ്റൂർ ടി2 പിഎച്ച്ഇവി അടിസ്ഥാനമാക്കിയുള്ള മോഡലും ഡസ്റ്ററിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പുമാണ് എത്തുന്നത്.
ഈ ദീപാവലി കാലത്ത് പുതിയ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കാൻ പദ്ധതിയിടുന്നവർക്ക് സന്തോഷവാർത്ത. 2026 ഒക്ടോബർ-നവംബർ മാസങ്ങളിലായി 2 പുതിയ ഹൈബ്രിഡ് എസ്‌യുവികൾ ഇന്ത്യൻ വിപണിയിലെത്തും. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെയും റെനോ ഇന്ത്യയുടെയും പുതിയ മോഡലുകളാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ചെറി ഓട്ടോമൊബൈലുമായി സഹകരിച്ചാണ് ജെറ്റൂർ ടി2 പിഎച്ച്ഇവി അടിസ്ഥാനമാക്കിയുള്ള പുതിയ എസ്‌യുവി അവതരിപ്പിക്കുന്നത്. അതേസമയം, റെനോ ഇന്ത്യ ഡസ്റ്ററിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കും.
ജെറ്റൂർ ടി2 പിഎച്ച്ഇവി
ജെഎസ്ഡബ്ല്യുവിന്റെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയിൽ ജെറ്റൂർ ടി2 ഐ-ഡിഎം മോഡലിലെ പവർട്രെയിൻ തന്നെയായിരിക്കും ഉപയോഗിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എഞ്ചിനൊപ്പം 2 ഇലക്ട്രിക് മോട്ടോറുകളും 26.7 കിലോവാട്ട്അവർ ബാറ്ററി പാക്കുമാണ് വാഹനത്തിലുണ്ടാകുക. സംയുക്തമായി 381 ബിഎച്ച്പി കരുത്തും 610 എൻഎം ടോർക്കും ഈ സംവിധാനം നൽകും. 3 സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ഗിയർബോക്സായിരിക്കും ട്രാൻസ്മിഷൻ സംവിധാനം. എൻഇഡിസി പരിശോധനാ മാനദണ്ഡപ്രകാരം പൂർണമായും വൈദ്യുതിയിൽ 139 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. സംയുക്തമായി 1,000 കിലോമീറ്ററിലേറെ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫീച്ചറുകളിലും സമ്പന്നം
ആഗോള വിപണിയിലെ ജെറ്റൂർ ടി2 ഐ-ഡിഎമ്മിന് സമാനമായി ഇന്ത്യൻ പതിപ്പിലും നിരവധി ആധുനിക ഫീച്ചറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, സോണി സറൗണ്ട് സൗണ്ട് സംവിധാനം, വയർലെസ് ചാർജിങ് പാഡ്, പനോരമിക് സൺറൂഫ്, 540 ഡിഗ്രി ക്യാമറ, പവർഡ് ടെയിൽഗേറ്റ് എന്നിവ ഇതിൽ ഉൾപ്പെടും. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും വാഹനത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്.
ഹൈബ്രിഡ് കരുത്തുമായി റെനോ ഡസ്റ്റർ
റെനോ ഡസ്റ്ററിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പും ഈ വർഷം ദീപാവലിക്ക് മുമ്പ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ വാഹനങ്ങളിലൊന്നായിരിക്കും പുതിയ ഡസ്റ്റർ ഹൈബ്രിഡ്. 1.8 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിക്കുക. 109 ബിഎച്ച്പി കരുത്തുള്ള ഈ എഞ്ചിനൊപ്പം 2 ഇലക്ട്രിക് മോട്ടോറുകളും 1.4 കിലോവാട്ട്അവർ ബാറ്ററി പാക്കും ചേരും. സംയുക്തമായി 160 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ലഭിക്കുമെന്ന് റെനോ അവകാശപ്പെടുന്നു. മൾട്ടി-മോഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫ്രണ്ട്-വീൽ ഡ്രൈവ് സംവിധാനവുമായിരിക്കും വാഹനത്തിലുണ്ടാകുക.
രൂപത്തിൽ വലിയ മാറ്റമില്ല
ഹൈബ്രിഡ് പതിപ്പിന്റെ ഡിസൈൻ നിലവിലെ ഡസ്റ്ററിന്റെ പെട്രോൾ എഞ്ചിൻ പതിപ്പിന് സമാനമായിരിക്കും. ‘ഹൈബ്രിഡ്’ ബാഡ്ജിങ്ങിലായിരിക്കും പ്രധാന വ്യത്യാസം. ഇന്റീരിയർ ലേഔട്ടിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ മികച്ച ഇന്ധനക്ഷമതയാണ് പുതിയ ഡസ്റ്ററിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രധാന എതിരാളികൾ
മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഹൈറൈഡറിന്റെയും മാരുതി ഗ്രാൻഡ് വിറ്റാരയുടെയും ഹൈബ്രിഡ് പതിപ്പുകളുമായിട്ടായിരിക്കും ഡസ്റ്റർ ഹൈബ്രിഡിന്റെ പ്രധാന മത്സരം. അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡ്, കിയ സെൽറ്റോസ് ഹൈബ്രിഡ് എന്നിവയും ഈ വിഭാഗത്തിൽ വരാനിരിക്കുന്ന പ്രധാന എതിരാളികളാണ്. ദീപാവലി സീസണിന് മുന്നോടിയായി ഈ പുതിയ ഹൈബ്രിഡ് മോഡലുകൾ വിപണിയിലെത്തുന്നത് എസ്‌യുവി വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.


