2030-ഓടെ ഇന്ത്യൻ വിപണിയിൽ 10 മോഡലുകൾ എത്തിക്കാനൊരുങ്ങി കിയ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി രണ്ട് പുതിയ എസ്‌യുവികൾ കൂടി ഇന്ത്യയിൽ നിർമിച്ച് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു. ബി-സെഗ്‌മെന്റ്, സി-സെഗ്‌മെന്റ് വിഭാഗങ്ങളിലായി എത്തുന്ന ഈ വാഹനങ്ങൾ 2028-2029 കാലയളവിൽ വിപണിയിലെത്തും.
ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ കൂടുതൽ മോഡലുകളുമായി കിയ. 2030ഓടെ ഇന്ത്യയിലെ വാഹന നിര 10 മോഡലുകളായി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ എസ്‌യുവികൾ കൂടി അവതരിപ്പിക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നീക്കം. ഇരു മോഡലുകളും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് സാധ്യത. 2028നും 2029നും ഇടയിൽ ഇവ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2026 ഏപ്രിലിൽ നടന്ന സിഇഒ ഇൻവെസ്റ്റർ ദിനത്തിലാണ് ഇന്ത്യയിലെ മോഡൽ നിര 10 ആയി ഉയർത്തുമെന്ന് കിയ പ്രഖ്യാപിച്ചത്. സോണറ്റ്, സൈറോസ്, കാരൻസ്, സെൽറ്റോസ്, കാർണിവൽ, ഇവി6, ഇവി9 എന്നിവയായിരുന്നു കമ്പനിയുടെ പ്രധാന മോഡലുകൾ. സെപ്റ്റംബർ 4ന് സോറന്റോ കൂടി എത്തിയതോടെ വാഹന നിരയിൽ 8 മോഡലുകളായി.
സോണറ്റിനും സെൽറ്റോസിനും ഇടയിൽ പുതിയ എസ്‌യുവി
ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, വരാനിരിക്കുന്ന 2 മോഡലുകളിൽ ഒന്ന് ബി-സെഗ്‌മെന്റിലും മറ്റൊന്ന് സി-സെഗ്‌മെന്റിലും ഉൾപ്പെടുന്ന വാഹനമായിരിക്കും. ബി-സെഗ്‌മെന്റ് എസ്‌യുവി രണ്ടാം തലമുറ ഹ്യുണ്ടായ് ബയോണിന്റെ പ്ലാറ്റ്‌ഫോമുമായി ബന്ധമുള്ള മോഡലായിരിക്കുമെന്നാണ് സൂചന. ഏകദേശം 4.2 മീറ്റർ നീളമുള്ള ഈ എസ്‌യുവി സോണറ്റിനും സെൽറ്റോസിനും ഇടയിലുള്ള സ്ഥാനം ഏറ്റെടുക്കും. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റ് ലഭിക്കുന്ന ആദ്യ കിയ മോഡലുകളിലൊന്നാകാനും സാധ്യതയുണ്ട്. ഹ്യുണ്ടായ് ബയോണുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ 1.5 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും സിഎൻജി, ഹൈബ്രിഡ് പതിപ്പുകളും പ്രതീക്ഷിക്കാം. മാരുതി വിക്ടോറിസിന് എതിരാളിയായാണ് ഈ മോഡൽ എത്താനിടയുള്ളത്. 2028ൽ വിപണിയിലെത്തിയേക്കും.
സെൽറ്റോസിനും സോറന്റോയ്ക്കും ഇടയിൽ മറ്റൊരു മോഡൽ
രണ്ടാമത്തെ വാഹനം സി-സെഗ്‌മെന്റിൽ ഉൾപ്പെടുന്നതായിരിക്കും. സെൽറ്റോസിനും സോറന്റോയ്ക്കും ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. എസ്‌യുവിയായിരിക്കാനാണ് സാധ്യത. ഹ്യുണ്ടായ് വികസിപ്പിക്കുന്ന പുതിയ എംപിവിയുടെയോ ഓഫ്-റോഡ് എസ്‌യുവിയുടെയോ പ്ലാറ്റ്‌ഫോം പങ്കിടുന്ന മോഡലായിരിക്കാം ഇത്. 2025 ഒക്ടോബറിൽ ഈ രണ്ട് വാഹന പദ്ധതികളും ഹ്യുണ്ടായ് സ്ഥിരീകരിച്ചിരുന്നു. ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ പുതിയ കിയ മോഡലിൽ ലഭിച്ചേക്കും. ബി-സെഗ്‌മെന്റ് മോഡലിന് വിപണിയിലെത്താനുള്ള അനുമതി ലഭിച്ചതായും സി-സെഗ്‌മെന്റ് മോഡൽ ഇപ്പോഴും വിലയിരുത്തൽ ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2030ൽ ലക്ഷ്യം 4.1 ലക്ഷം വാഹനങ്ങളുടെ വിൽപ്പന
2030ഓടെ പ്രതിവർഷം 4.1 ലക്ഷം വാഹനങ്ങൾ വിൽക്കുകയും ഇന്ത്യൻ വിപണിയിൽ 7.6 ശതമാനം വിഹിതം നേടുകയും ചെയ്യുകയാണ് കിയയുടെ ലക്ഷ്യം. പുതിയ പ്രാദേശികമായി നിർമിക്കുന്ന മോഡലുകൾ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമാകും. ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ അനന്തപുർ പ്ലാന്റിൽ മറ്റൊരു അസംബ്ലി ലൈൻ സ്ഥാപിക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

