ഇന്ത്യൻ വിപണിയിൽ 16 പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2026-ഓടെ പുതിയ ഫീച്ചറുകളോടു കൂടിയ 3 ഡോർ ഥാർ ഫെയ്‌സ്‌ലിഫ്റ്റും, ദീർഘദൂര റേഞ്ചുള്ള ബി.ഇ 07 ഇലക്ട്രിക് എസ്‌യുവിയും വിപണിയിലെത്തും. ഈ നീക്കങ്ങൾ ഇന്ത്യൻ എസ്‌യുവി വിപണിയിൽ മഹീന്ദ്രയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 16 പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനാണ് ആഭ്യന്തര വാഹന നിർമാതാക്കളുടെ പദ്ധതി. 2026 ഏപ്രിൽ മുതൽ 2031 വരെയുള്ള കാലയളവിലാണ് പുതിയ മോഡലുകൾ വിപണിയിലെത്തുക. പുതിയ 16 വാഹനങ്ങളിൽ 10 എണ്ണം പെട്രോൾ-ഡീസൽ മോഡലുകളും 6 എണ്ണം ഇലക്ട്രിക് വാഹനങ്ങളുമായിരിക്കും. ഇതിന്റെ ഭാഗമായി 2026 അവസാനത്തോടെ രണ്ട് പ്രധാന മോഡലുകൾ വിപണിയിലെത്തിക്കാനാണ് മഹീന്ദ്രയുടെ നീക്കം. 3 ഡോർ ഥാറിന്റെ പരിഷ്കരിച്ച പതിപ്പും പുതിയ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ബി.ഇ 07-ഉം ആയിരിക്കും ഇവ.
പുതിയ രൂപത്തിൽ 3 ഡോർ ഥാർ
2026 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റിൽ ഥാർ റോക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ 5 സ്ലോട്ട് ഫ്രണ്ട് ഗ്രിൽ, പുതുക്കിയ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, പുതിയ 5 സ്പോക്ക് അലോയ് വീലുകൾ എന്നിവ എസ്‌യുവിക്ക് കൂടുതൽ ആധുനിക രൂപം നൽകും. അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകും. 10.25 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയവ ലഭിച്ചേക്കും. സുരക്ഷയുടെ കാര്യത്തിലും പുതിയ ഥാറിന് കൂടുതൽ ഫീച്ചറുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 540 ഡിഗ്രി ക്യാമറ, ലെവൽ 2 എ.ഡി.എ.എസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വാഹനത്തിൽ എത്തിയേക്കും.
എൻജിനിൽ മാറ്റമുണ്ടാകില്ല
ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്തുമെങ്കിലും ഥാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പവർട്രെയിനിൽ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകൾ തുടർന്നേക്കും. റിയർ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് പതിപ്പുകളിലും എസ്‌യുവി ലഭ്യമാകും. ഓഫ് റോഡിങ്ങിനും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ നിലവിലെ ഡ്രൈവിങ് സ്വഭാവം നിലനിർത്തിക്കൊണ്ടായിരിക്കും പുതിയ ഥാർ എത്തുകയെന്നാണ് പ്രതീക്ഷ.
ബി.ഇ 07 ഇലക്ട്രിക് എസ്‌യുവി എത്തുന്നു
മഹീന്ദ്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയാണ് ബി.ഇ 07. 2026 അവസാനമോ 2027ന്റെ തുടക്കത്തിലോ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന. മഹീന്ദ്രയുടെ പുതിയ ഇങ്‌ളോ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ബി.ഇ 07, ബി.ഇ 6ഇയുമായി ബാറ്ററി, പവർട്രെയിൻ സാങ്കേതികവിദ്യകൾ പങ്കിടാൻ സാധ്യതയുണ്ട്. 59 കിലോവാട്ട് മണിക്കൂർ, 79 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി പാക്കുകളാണ് പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ 550 മുതൽ 650 കിലോമീറ്റർ വരെ റേഞ്ച് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ട്രിപ്പിൾ സ്ക്രീൻ ഉൾപ്പെടെ ഹൈടെക് ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യത്തിലും ബി.ഇ 07 ശ്രദ്ധേയമായിരിക്കും. ഡാഷ്‌ബോർഡിൽ വലിയ ട്രിപ്പിൾ സ്ക്രീൻ സജ്ജീകരണം ലഭിച്ചേക്കും. ഇത് വാഹനത്തിന്റെ ഇന്റീരിയറിന് കൂടുതൽ ഹൈടെക് രൂപം നൽകും. 360 ഡിഗ്രി ക്യാമറ സംവിധാനത്തിനൊപ്പം ചെറിയ ഡാഷ്‌ക്യാമും വാഹനത്തിൽ ലഭിച്ചേക്കുമെന്നാണ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്നുള്ള സൂചന. അടിയന്തര സാഹചര്യങ്ങളിൽ യാത്രയുടെ ദൃശ്യങ്ങൾ സ്വമേധയാ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സംവിധാനവും ഡാഷ്‌ക്യാമിനുണ്ടാകാം.
ടാറ്റ, ബി.വൈ.ഡി, വിൻഫാസ്റ്റ് മോഡലുകൾക്ക് എതിരാളി
ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ മഹീന്ദ്ര ബി.ഇ 07 പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലായിരിക്കും മത്സരിക്കുക. ടാറ്റ ഹാരിയർ ഇവി, ബി.വൈ.ഡി ആറ്റോ 3, വിൻഫാസ്റ്റ് വി.എഫ് 7 തുടങ്ങിയ മോഡലുകളുമായാകും പ്രധാന മത്സരം. പുതിയ ഥാറിനും ബി.ഇ 07നും പിന്നാലെ കൂടുതൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകൾ എത്തുന്നതോടെ ഇന്ത്യൻ എസ്‌യുവി വിപണിയിൽ മഹീന്ദ്രയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.


