അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. ഇതിൽ അഞ്ച് ഹൈബ്രിഡ് എസ്‌യുവികൾ ഉൾപ്പെടും, ഇവ കമ്പനി സ്വന്തമായി വികസിപ്പിച്ച പുതിയ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാകും വരുന്നത്.

ന്ത്യൻ വാഹന വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അടുത്ത മൂന്ന് വർഷത്തിനിടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് മോഡലുകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കമ്പനിയുടെ പുതിയ ഉൽപ്പന്ന നിരയിൽ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹൈബ്രിഡ് എസ്‌യുവികളും ഇടംപിടിക്കും. അടുത്ത വർഷം വിപണിയിലെത്തുന്ന ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് മാരുതി സുസുക്കി സ്വന്തം നിലയിൽ വികസിപ്പിച്ച സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുക. എച്ച്ഇവി എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച ഈ സിസ്റ്റം, നിലവിൽ ഉപയോഗിക്കുന്ന ടൊയോട്ടയുടെ അറ്റ്കിൻസൺ സൈക്കിൾ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ചെലവ് കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമാകുമെന്നാണ് സൂചന. ഭാവിയിലെ ജനപ്രിയ മോഡലുകൾക്കായി 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനുമായി ഈ ഹൈബ്രിഡ് സംവിധാനം കൂട്ടിച്ചേർക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിലൂടെ ലിറ്ററിന് 35 കിലോമീറ്ററിലധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാരുതി ഗ്രാൻഡ് വിറ്റാര ഫെയ്‌സ്‌ലിഫ്റ്റ്

2026-ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാൻഡ് വിറ്റാര ഫെയ്‌സ്‌ലിഫ്റ്റിൽ ചെറിയ ഡിസൈൻ മാറ്റങ്ങളും കൂടുതൽ സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തും. രൂപകൽപ്പനയിൽ വിക്ട്രോയിസ് കോൺസെപ്റ്റിൽ നിന്നുള്ള ചില ഘടകങ്ങൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. നിലവിലെ എൻജിൻ ഓപ്ഷനുകളിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

ഏഴ് സീറ്റർ ഗ്രാൻഡ് വിറ്റാര

മൂന്ന് നിര സീറ്റുകളുള്ള പുതിയ പ്രീമിയം എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് സീറ്റർ ഗ്രാൻഡ് വിറ്റാരയെ അപേക്ഷിച്ച് കൂടുതൽ നീളവും വിശാലമായ ക്യാബിനുമുള്ള ഈ മോഡലിൽ ഒരു അധിക സീറ്റ് നിരയുണ്ടാകും. നിലവിലെ ഗ്രാൻഡ് വിറ്റാരയിലുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ സ്ട്രോങ് ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പവർട്രെയിനുകൾ ഇതിലും തുടരുമെന്നാണ് പ്രതീക്ഷ.

മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്

ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ഓട്ടം കമ്പനി ഏറെ നാളായി തുടരുകയാണ്. പുറംകാഴ്ചയിലും അകത്തളത്തിലും ചെറിയ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കപ്പെടുന്നുള്ളൂ. എന്നാൽ കമ്പനിയുടെ സ്വന്തം സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്ന മോഡൽ എന്ന പ്രത്യേകത ഫ്രോങ്ക്സിനായിരിക്കും.

മാരുതി വൈ43

നിർത്തലാക്കിയ ഇഗ്നിസ് ഹാച്ച്ബാക്കിന് പകരമായി വൈ43 എന്ന കോഡ് നാമത്തിൽ പുതിയ മൈക്രോ എസ്‌യുവി വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. പെട്രോൾ, സിഎൻജി, ഹൈബ്രിഡ് എന്നീ വിവിധ പവർട്രെയിൻ ഓപ്ഷനുകളോടെ വാഹനം എത്തുമെന്നാണ് സൂചന. ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുതിയ തലമുറ മാരുതി ബ്രെസ

ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2026 ജൂലൈ 23-ന് അവതരിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. അതേസമയം, പൂർണമായും പുതിയ തലമുറ ബ്രെസ 2029-ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ ജനറേഷൻ മോഡലിൽ മാരുതിയുടെ പുതിയ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.