വിൻഫാസ്റ്റ് VF6, VF7 എസ്‌യുവികൾ 2025 സെപ്റ്റംബർ ആറിന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. 21,000 രൂപ ടോക്കൺ തുകയ്ക്ക് പ്രീ-ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. VF6, VF7 എന്നിവയ്ക്ക് വിവിധ ട്രിം ലെവലുകളും കളർ ഓപ്ഷനുകളും ലഭ്യമാണ്.
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്, VF6, VF7 എസ്‌യുവികൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. രണ്ട് മോഡലുകളും 2025 സെപ്റ്റംബർ ആറിന് ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും. വിൻഫാസ്റ്റ് VF6, VF7 എന്നിവയ്‌ക്കുള്ള പ്രീ-ബുക്കിംഗുകൾ 21,000 രൂപ ടോക്കൺ തുകയ്ക്ക് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കമ്പനി തമിഴ്‌നാട്ടിലെ തൂത്തുക്കുടി ആസ്ഥാനമായുള്ള അസംബ്ലിംഗ് പ്ലാന്‍റിൽ നിന്ന് ആദ്യത്തെ പ്രൊഡക്ഷൻ ഇലക്ട്രിക് വാഹനം VF7 പുറത്തിറക്കി.
വിൻഫാസ്റ്റ് VF6
ആഗോളതലത്തിൽ ലഭ്യമായ പതിപ്പിന് സമാനമായി, ഇന്ത്യയിലെ VF6-ൽ 59.6kWh ബാറ്ററി പായ്ക്ക്, ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് 204bhp, ഇലക്ട്രിക് മോട്ടോർ, FWD സിസ്റ്റം എന്നിവ ഉൾപ്പെടും. ഈ കാർ ഫുൾ ചാർജ്ജിൽ 480 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു. വിൻഫാസ്റ്റ് VF6 എർത്ത്, വിൻഡ് എന്നീ രണ്ട് ട്രിം ലെവലുകളിലും ജെറ്റ് ബ്ലാക്ക്, അർബൻ മിന്റ്, ഡെസാറ്റ് സിൽവർ, സെനിത്ത് ഗ്രേ, ഇൻഫിനിറ്റി ബ്ലാങ്ക്, ക്രിംസൺ റെഡ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലും എത്തും. എർത്ത് ട്രിമിൽ ഓൾ-ബ്ലാക്ക് ക്യാബിൻ തീം ഉണ്ടായിരിക്കും, വിൻഡ് ട്രിമിൽ ഡ്യുവൽ-ടോൺ മോച്ച ബ്രൗൺ, ബ്ലാക്ക് തീം എന്നിവ ലഭിക്കും.
വിൻഫാസ്റ്റ് VF7
വിൻഫാസ്റ്റ് VF7 ഇലക്ട്രിക് എസ്‌യുവി മോഡൽ ലൈനപ്പ് എർത്ത്, വിൻഡ്, സ്കൈ എന്നീ മൂന്ന് ട്രിമ്മുകളിൽ VF6-ന്റെ അതേ ആറ് കളർ ഓപ്ഷനുകളോടെ വരും. അടിസ്ഥാന വേരിയന്റിൽ പൂർണ്ണമായും കറുത്ത നിറത്തിലുള്ള ക്യാബിൻ ലഭിക്കും. അതേസമയം വിൻഡ്, സ്കൈ ട്രിമ്മുകളിൽ ഡ്യുവൽ-ടോൺ മോച്ച ബ്രൗൺ, ബ്ലാക്ക് ഇന്റീരിയർ ലഭിക്കും. VF7-ന്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 70.8kWh ബാറ്ററി പായ്ക്ക് ഉൾപ്പെടും, സിംഗിൾ, ഡ്യുവൽ മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പൂർണ്ണ ചാർജിൽ 496 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇവി സഹായിക്കും. ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് വേരിയന്റ് 354PS പവറും 500Nm ടോർക്കും നൽകും. ഇത് വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കും.
പൊതു സവിശേഷതകൾ
വരാനിരിക്കുന്ന വിൻഫാസ്റ്റ് VF6 ഉം VF7 ഉം 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എച്ച്‍യുഡി (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), പനോരമിക് ഗ്ലാസ് റൂഫ്, ബ്ലൈൻഡ്‌സ്പോട്ട് മോണിറ്റർ, എട്ട് എയർബാഗുകൾ, ലെവൽ 2 എഡിഎഎസ് (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) തുടങ്ങി നിരവധി ഫീച്ചറുകൾ പങ്കിടുന്നു.
