Asianet News MalayalamAsianet News Malayalam

ഫോക്‌സ്‌വാഗണ്‍ നിവുസിന് മികച്ച വരവേല്‍പ്പ്

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജൂണ്‍ 25 -നാണ് നിവസ് കൂപ്പെ എസ്‌യുവിയെ ബ്രസീല്‍ അവതരിപ്പിക്കുന്നത്

Volkswagen Nivus receives hearty welcome in Brazil
Author
Kerala, First Published Jun 29, 2020, 8:10 PM IST

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജൂണ്‍ 25 -നാണ് നിവസ് കൂപ്പെ എസ്‌യുവിയെ ബ്രസീല്‍ അവതരിപ്പിക്കുന്നത്. വാഹനത്തിന് വിപണിയില്‍ മികച്ച പ്രതികരണമാണ്. കാര്‍ പുറത്തിറക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യത്തെ 1,000 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനി വക്താവ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്. ഫോക്‌സ്‌വാഗണ്‍ ബ്രസീല്‍ സെയില്‍സ് ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 85,890 റീലാണ് (ഏകദേശം 12 ലക്ഷം രൂപ) പ്രാരംഭ പതിപ്പിന്റെ വില. കംഫര്‍ട്ട്‌ലൈന്‍ 200 TSI, ഹൈലൈന്‍ 200 TSI എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

ബ്രസീലിയന്‍ വിപണിയില്‍, പോളോയ്ക്കും ടി-ക്രോസിനും ഇടയിലാണ് നിവുസിന്റെ സ്ഥാനം. സണ്‍സെറ്റ് റെഡ്, മൂണ്‍സ്റ്റോണ്‍ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും. ഫോക്‌സ്‌വാഗണിന്റെ പോപ്പുലര്‍ ഹാച്ച്ബാക്ക് മോഡലായ പോളോയെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലാണ് നിവുസും ഒരുങ്ങുന്നത്.  കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ നിവോസിന്റെ പ്രത്യേകത.

200 TSI, 200 TSI കംഫോര്‍ട്ട്‌ലൈന്‍, 200TSI ഹൈലൈന്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും നിവുസ് എത്തുന്നത്. ഇതിനൊപ്പം സ്‌പോര്‍ട്ടി ഭാവത്തിലുള്ള ആര്‍-ലൈന്‍ പാക്കേജ് ഓപ്ഷണലായി നല്‍കിയേക്കും.  4.26 മീറ്ററാണ് നിവുസിന്റെ നീളം. വിദേശനിരത്തുകളിലെത്തിയിട്ടുള്ള ടിക്രോസിനെക്കാള്‍ 60 സെന്റീമീറ്റര്‍ അധികമാണ് നിവോസിന്റെ നീളം. 2.56 സെന്റീമീറ്റര്‍ ആണ് നിവോസിന്റെ വീല്‍ബേസ് എന്നാണ് റിപ്പോര്‍ട്ട്.  1.0 ലിറ്റര്‍ TSI ടര്‍ബോ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 128 bhp കരുത്തും 200 Nm ടോര്‍ക്കും ഈ എഞ്ചിന്‍  ഉൽപ്പാദിപ്പിക്കും. ടി-ക്രോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍, എസ്‌യുവി പ്രചോദിത ഡീസൈന്‍ ഘടകങ്ങള്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ്, എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍. 6.5 ഇഞ്ച് വലിപ്പമുള്ള സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിമീഡിയ സിസ്റ്റവും ലഭിക്കും. ഫോക്സ്വാഗന്‍റെ ഏറ്റവും ചെറിയ ക്രോസ് ഓവര്‍ കൂപ്പെയാണ് നിവുസ്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഫ്രന്റല്‍ മോണിറ്ററിംഗ്, പാഡില്‍ ഷിഫ്റ്ററുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ ലെതര്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഉള്‍പ്പെടുന്ന ഓപ്ഷണല്‍ ഫോക്‌സ്‌വാഗണ്‍ പ്ലേ, ടെക് പാക്കേജും കംഫര്‍ട്ട്‌ലൈന്‍ പതിപ്പില്‍ ലഭിക്കുന്നു. നിവുസ് ഉടന്‍ യൂറോപ്പിലേക്കുമെത്തും. അതേസമയം ഇന്ത്യയിലെത്തുന്ന കാര്യം ഇതുവരെ ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios