വോൾവോ തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവി, EX30, ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധുനിക രൂപകൽപ്പനയും നൂതന സവിശേഷതകളുമുള്ള ഈ കാർ എൻട്രി ലെവൽ പ്രീമിയം ഇവി വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവിയായ EX30 യുടെ ടീസർ ഇൻസ്റ്റാഗ്രാമിൽ പുറത്തിറക്കി. ഈ കാർ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് റിപ്പോ‍ർട്ടു‍കൾ. എൻട്രി ലെവൽ പ്രീമിയം ഇവി സെഗ്‌മെന്റിനെ ലക്ഷ്യം വയ്ക്കുന്ന ഈ കാർ വോൾവോയുടെ നിലവിലെ ഇലക്ട്രിക് ലൈനപ്പായ EX40, EC40 എന്നിവയ്ക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. കാറിന്റെ ഒതുക്കമുള്ള വലുപ്പവും ആധുനിക രൂപവും ഇതിനെ സവിശേഷമാക്കുന്നു. വരവിന് മുന്നോടിയായി ഈ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി പൊതു റോഡുകളിൽ പരീക്ഷണം നടത്തുന്നത് കണ്ടെത്തി. മറച്ച നിലയിൽ ആയിരുന്നു പരീക്ഷണം.

വോൾവോ EX30 യുടെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ ഗ്രേ, വൈറ്റ്, വൈറ്റ്, ബ്ലൂ എന്നിങ്ങനെ നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ വോൾവോ X30 ഇലക്ട്രിക് കാർ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കാറിന്റെ എല്ലാ വകഭേദങ്ങളിലും കറുത്ത മേൽക്കൂര ഉണ്ട്. പിന്നിൽ, ഒരു റൂഫ് സ്‌പോയിലറും സ്റ്റെപ്പ് സ്റ്റൈൽ എൽഇഡി ടെയിൽ‌ലൈറ്റുകളും ഉണ്ട്. ഇതിനുപുറമെ, ഒരു വലിയ ക്രോം ഫിനിഷ് വോൾവോ ബാഡ്ജ് ഇതിന് ഭംഗി നൽകുന്നു. കാറിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, അടച്ച ഗ്രിൽ, വേറിട്ട ടെയിൽലൈറ്റുകൾ എന്നിവ അതിന് ഒരു ക്ലാസിക് ലുക്ക് നൽകുന്നു. അകത്തെ ക്യാബിൻ വളരെ ലളിതവും ഹൈടെക് ആണ്. ബട്ടണുകൾ നീക്കം ചെയ്‌ത്, ഗൂഗിൾ ഇന്റഗ്രേറ്റഡ് സിസ്റ്റം (മാപ്‌സ്, സ്‌പോട്ടിഫൈ, യൂട്യൂബ്) ഉള്ള ഒരു വലിയ 12.3 ഇഞ്ച് ലംബ ടച്ച്‌സ്‌ക്രീൻ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്നു.

വോൾവോ EX30 എസ്‌ഇഎ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 69 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉള്ള ഒരു വേരിയന്റുമായി ഇത് ഇന്ത്യയിൽ വരാൻ സാധ്യതയുണ്ട്. ഇത് എസി, ഡിസി ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഡിസി ഫാസ്റ്റ് ചാർജർ 30 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുന്നു. അതേസമയം എസി ചാ‍ജ്ജ‍ ഉപയോഗിച്ച് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 6 മുതൽ 7 മണിക്കൂർ വരെ എടുക്കും.

ഒറ്റ ചാർജിൽ ഏകദേശം 474 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ എസ്‌യുവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വോൾവോ ലോക്കൽ അസംബ്ലി നടത്തുകയാണെങ്കിൽ, അതിന്റെ വില 40 മുതൽ 50 ലക്ഷം രൂപ വരെയാകാം. ലോഞ്ച് ചെയ്തതിനുശേഷം, ബിഎംഡബ്ല്യു ഐഎക്സ്1, ഹ്യുണ്ടായി അയോണിക് 5, കിയ ഇവി6 തുടങ്ങിയ ഇലക്ട്രിക് എസ്‌യുവികൾക്ക് വോൾവോ EX30 കടുത്ത മത്സരം നൽകും.