Asianet News MalayalamAsianet News Malayalam

വാഗണ്‍ ആറിന് 20 വയസ് തികഞ്ഞു, നിരത്തിലെത്തിയത് 24 ലക്ഷം

1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്

Wagon R has turned 20 years old and the number has reached 24 lakhs
Author
Mumbai, First Published Dec 21, 2019, 10:09 PM IST

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് 20 വയസ്. വാഹനം നിരത്തിലെത്തി രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ 24 ലക്ഷത്തോളം വാഗൻ ആർ ഇതുവരെ ഇന്ത്യയിൽ വിറ്റുപോയെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. മാത്രമല്ല വാഗണ്‍ ആർ ഉടമസ്ഥരിൽ നാലിലൊന്നും ഇതേ കാർ തേടി തിരിച്ചെത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. അഞ്ചു വർഷത്തിനൊടുവിൽ 2004ല്‍ വിൽപ്പന ആദ്യ ലക്ഷം തികച്ചു. 2017ൽ 20 ലക്ഷം യൂണിറ്റും പിന്നിട്ടു. 2019 ജനുവരിയിലാണ് വാഗണ്‍ ആറിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ മാരുതി അവതരിപ്പിക്കുന്നത്. നിലവില്‍ ഈ മോഡലാണ് വിപണിയിലുള്ളത്.

വാഗൻ ആറിന്റെ രണ്ടു ദശാബ്ദമായി തുടരുന്ന ജൈത്രയാത്രയിൽ ഏറെ ആഹ്ലാദമുണ്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. പ്രകടനത്തിലും പ്രായോഗികതയിലും പുതിയ നിലവാരം കാഴ്ചവച്ച വാഗൻ ആർ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കൊത്ത് കാലാനുസൃതമായി മാറുന്നതിലും വിജയം വരിച്ചെന്ന് അദ്ദേഹം വിലയിരുത്തി. വാഗൻ ആർ ഉടമസ്ഥരിൽ നാലിലൊന്നും ഇതേ കാർ തേടി തിരിച്ചെത്തുന്നത് ശക്തമായ ബ്രാൻഡ് സ്വാധീനത്തിന്റെയും ഉപഭോക്തൃ താൽപര്യത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റു മോഡലുകളിലൊന്നും കാണാത്ത സവിശേഷതയാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കരുത്തുറ്റ 1.2 ലീറ്റർ എൻജിൻ സഹിതമെത്തുന്ന പുതിയ വാഗൻ ആറിൽ അധിക കരുത്തിനൊപ്പം സ്ഥലസൗകര്യവും കാഴ്ചപ്പകിട്ടുമൊക്കെ മാരുതി സുസുക്കി ഉറപ്പാക്കിയിട്ടുണ്ട്. നിരത്തിലെത്തി ഏഴു മാസത്തിനകം പുത്തൻ ‘വാഗൻ ആർ’ വിൽപ്പന ആദ്യ ലക്ഷം പിന്നിട്ടത് ഈ പരിഷ്കാരങ്ങൾ വിപണി സ്വീകരിച്ചതിനു തെളിവാണെന്നും കമ്പനി അവകാശപ്പെടുന്നു.

നിലവില്‍ വിപണിയിലുള്ള പുതുതലമുറ വാഗണ്‍ ആറിന് പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവാണ്. L, V, Z എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളിലാണ്  വാഹനമെത്തുന്നത്.

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്. വോള്‍വോ കാറുകളിലേതിന് സമാനമാണ് പുത്തന്‍ വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്.  ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ വാഹനത്തിന്‍റെ പഴയ മുഖഛായ തന്നെ മാറ്റുന്നു.

ടോള്‍-ബോയ് ബോഡിയില്‍ ബോക്‌സി ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍. നിരവധി പുതുമകളോടെ ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലാണ് വാഹനത്തിന്‍റെ അകത്തളം. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.  ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.

പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും. വീല്‍  ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.  പുതിയ ആകൃതിയിലുള്ള ഹെഡ് ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും മുന്‍വശത്തെ വേറിട്ടതാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പ്രത്യേകത.

സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാവും പുതിയ വാഗണ്‍ആറിന്‍റെയും ഹൃദയം. ഈ എന്‍ജിന്‍  67  ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും എഎംടിയിലും വാഗണ്‍ആര്‍ എത്തും. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും വാഹനത്തിലുണ്ട്. എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ട്.

L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട്.  L, V വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എന്‍ജിനുള്ളത്. ഇതില്‍ V-യില്‍ മാത്രമേ ഓട്ടോമാറ്റിക്കുള്ളു. 1.2 ലിറ്റര്‍ എന്‍ജിന്‍ V, Z വേരിയന്റുകളില്‍ ലഭ്യമാകും. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്.

വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍  അടുത്ത വര്‍ഷം പുറത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ പരീക്ഷണയോട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഗുലര്‍ വാഗണ്‍ ഹാച്ച് ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുണ്ടാകുകയുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്.

Follow Us:
Download App:
  • android
  • ios