ബീജിംഗ്: ഗതാഗതക്കുരുക്കിന് പരിഹാരമായെത്തിയ ചൈനയിലെ വമ്പന്‍ ബസ് പദ്ധതിക്ക് അഴിമതിക്കുരുക്കില്‍ ദയനീയാന്ത്യം. രണ്ടുകാലുകളിലായി ഉയര്‍ന്നുനിന്ന് അടിയിലൂടെ ചെറുവാഹനങ്ങളെ കടത്തിവിടുന്ന ബസ് 2016ലാണ് വാര്‍ത്തകളില്‍ നിറയുന്നത്. ട്രാന്‍സിറ്റ് എലിവേറ്റഡ് ബസ് (TEB-1) എന്നുപേരിട്ട വാഹനത്തിന്റെ പരീക്ഷണ ഓട്ടം 2016 ആഗസ്റ്റില്‍ ചൈനയിലെ ചിന്‍ഗ്വാങ്താവ് നഗരത്തിലാണ് നടന്നത്. ബെയ്ജിങ്ങില്‍ നടന്ന 19-ാം അന്താരാഷ്ട്ര ഹൈടെക് എക്‌സ്‌പൊയിലാണ് ബസ് അവതരിപ്പിച്ചത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. 1200 ഓളം പേര്‍ക്കുവരെ ഒരേസമയം വമ്പന്‍ ബസില്‍ സഞ്ചരിക്കാമെന്നാണ് കരുതപ്പെട്ടിരുന്നത്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെ വളരെ ഉയരത്തില്‍ ഓടുന്ന തരത്തിലായിരുന്നു ബസിന്റെ രൂപകല്‍പ്പന. ഉയരമുള്ള ബസിന് അടിയിലൂടെ കാറുകള്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ക്ക് രണ്ടുവരിയായി തടസമില്ലാതെ നീങ്ങാം എന്നതായിരുന്നു ബസിന്റെ പ്രധാന ആകര്‍ഷണം. വിവിധ രാജ്യങ്ങളിലെ തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ബസ് പരിഹാരമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ വമ്പന്‍ ബസിന്റെ പ്രായോഗികതയെപ്പറ്റി സംശയങ്ങളുന്നയിച്ച് വിമര്‍ശകര്‍ രംഗത്തെത്തിയതോടെയാണ് പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. വമ്പന്‍ ബസിനടിയില്‍ പെടുന്ന കാറുകള്‍ക്ക് തിരിയാന്‍പോലും കഴിയില്ലെന്നും ചെറിയ പിഴവുകള്‍ അപകടത്തിന് ഇടയാക്കുമെന്ന ആശങ്കയും പദ്ധതിയെ പ്രതിരോധത്തിലാക്കി.

ഒടുവില്‍ ടി.ഇ.ബി 1 പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കമ്പനിയിലെ 32 പേര്‍ അറസ്റ്റിലായതോടെയാണ് പദ്ധതിയുടെ അന്ത്യം കുറിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടാനുള്ള തന്ത്രം മാത്രമായിരുന്നു പ്രായോഗികമല്ലാത്ത ബസ് പദ്ധതിയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അപ്രായോഗികമായ പദ്ധതിക്കുവേണ്ടി നിക്ഷേപ സമാഹരണം നടത്തുന്നത് തട്ടിപ്പാണെന്നാണ് പ്രധാന വാദം. തുടര്‍ന്ന് സ്വകാര്യ ടെക് കമ്പനിയാണെങ്കലും സര്‍ക്കാരിന്റെ അനുമതികളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അനധികൃത പണപ്പിരിവ് നടത്തി നിക്ഷേപകരെ വഞ്ചിക്കില്ലെന്നുമുള്ള വിശദീകരണങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ നിക്ഷേപകര്‍ അതൊക്കെ തള്ളിക്കളഞ്ഞതോടെ പദ്ധതി താളം തെറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.