പിഞ്ചുകുഞ്ഞുമായി പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുടുംബത്തിനു സംഭവിച്ചത് വീഡിയോ വൈറല്‍

യാത്രക്കിടെ പല വിനോദ സഞ്ചാരികളും അപകടങ്ങളില്‍പ്പെടുന്നത് ചുറ്റുമുള്ള നിയമങ്ങളോടുള്ള അവഗണന മൂലമാണ്. തികച്ചും അശ്രദ്ധമായി യാത്രകളെ ആഘോഷിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന കാഴ്ച പലപ്പോഴും കാണാന്‍ സാധിക്കും. പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരികളുടെ കുടുംബം മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നെതര്‍ലാന്‍ഡിലെ വന്യജീവി സഫാരി പാര്‍ക്കിലാണ് സംഭവം.

പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് പിഞ്ചുകുഞ്ഞുമായി ചീറ്റപ്പുലികള്‍ക്കൊപ്പമുള്ള ചിത്രമെടുക്കാന്‍ ശ്രമിച്ചത്. മൃഗശാല അധികൃതരുടെ നിയന്ത്രണങ്ങള്‍ മറികടന്നു കൊണ്ടായിരുന്നു ശ്രമം.

ഈ പാര്‍ക്കിനുള്ളില്‍ സ്വന്തം കാറില്‍ തന്നെ സഞ്ചരിക്കാം. എന്നാല്‍ മൃഗങ്ങളെ കണ്ടാല്‍ കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. എന്നാല്‍ ചീറ്റപുലികളെ കണ്ട കുടുംബം കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ചീറ്റപുലികള്‍ ഇവരെ വളഞ്ഞു.

തുടര്‍ന്ന് ഇവര്‍ തിരികെ വാഹനത്തില്‍ കയറിയ ഇവര്‍ വാഹനം മുന്നോട്ട് എടുത്ത ശേഷം വീണ്ടും ചിത്രമെടുക്കാന്‍ പുറത്തിറങ്ങി. പുറത്തിറങ്ങിയ ഇവരെ ചുറ്റുമുണ്ടായിരുന്ന ആറോളം ചീറ്റപ്പുലികളുടെ കൂട്ടം ഇവരെ വീണ്ടും വളയുകയായിരുന്നു. പാഞ്ഞടുക്കുന്ന ചീറ്റപുലികളുടെ ദൃശ്യം പിന്നാലെ വന്ന യാത്രക്കാരനാണ് മൊബൈലില്‍ പകര്‍ത്തിയത്. തുടര്‍ന്ന് കുടുംബം വീണ്ടും വാഹനത്തിലേക്ക് ഓടിക്കയറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഒരു യുവതി കുഞ്ഞിനെയും കൊണ്ട് ഓടുന്നതും പുലികള്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അപ്പോള്‍ സഞ്ചിരകളേ, ചെന്നെത്തുന്ന സ്ഥലങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. അല്ലാത്തപക്ഷം സ്വജീവിതവും ചിലപ്പോള്‍ മറ്റുള്ളവരുടെ ജീവിതവും നിങ്ങള്‍ അപകടത്തിലാക്കിയേക്കും.