2030 ഓടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാറിന്‍റെ പദ്ധതി. എന്നാല്‍ അതിനും മുമ്പ് തന്നെ രാജ്യത്തെ ബസുകളും ട്രക്കുകളും ഉള്‍പ്പെടെ ഡീസലിൽ ഓടുന്ന വാണിജ്യ വാഹനങ്ങൾക്ക് നിരോധനം വരുമോ? ഈ സാധ്യതകളിലേക്ക് വിരല്‍ചണ്ടുന്നത് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തന്നെയാണ്. ഇത്തരം വാഹനങ്ങള്‍ക്ക് അധികകാലം ഇതേ രീതിയില്‍ സർവീസ് തുടരാമെന്ന പ്രതീക്ഷ വേണ്ടെന്ന സൂചന നൽകിയിരിക്കുകയാണ് നിതിൻ ഗഢ്കരി. നവി മുംബൈയിൽ നടക്കുന്ന ബസ് എക്സ്പോയിലാണ് രാജ്യത്തെ ബസ്, ട്രക്ക് നിര്‍മ്മാതാക്കളെ മന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളിലേക്കുള്ള മാറ്റത്തിനു താൻ എല്ലാ പിന്തുണയും നൽകുമെന്നായിരുന്നു എക്സോപയില്‍ മന്ത്രിയുടെ പ്രഖ്യാപനം. ഡീസലിൽ ഓടുന്ന ബസുകൾ രാജ്യത്തിന്‍റെ ഭാവിക്ക് നല്ലതല്ല. ഡീസൽ ഉപയോഗിച്ചു ബസ് ഓടിക്കുന്നവരെ കെട്ടുകെട്ടിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. ഗഢ്കരി വ്യക്തമാക്കി.
മാറാൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും. വിസമ്മതിക്കുന്നവരെ നിർബന്ധിച്ച് കൂടെക്കൂട്ടും. അന്തരീക്ഷത്തെ മലിനമാക്കുന്ന ഡീസലിനു പകരം എഥനോളും ബയോ ഡീസലും ഇന്ധനമാക്കുന്ന വാഹനങ്ങളും ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളും തിരഞ്ഞെടുക്കാൻ അദ്ദേഹം ബസ് നിര്‍മ്മാതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ബയോ ഡീസലിലും ലിതിയം അയോൺ ബാറ്ററിയിലും വൈദ്യുതിയിും ഓടുന്ന ബസുകളെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ ഗഡ്കരി മറന്നില്ല.
