സ്ഥിരം യാത്ര ചെയ്യുന്ന ബസ് നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ആ പെണ്‍കുട്ടി പങ്കുവച്ച വേദനകള്‍ ജോണി ഉന്നത അധികാരികളെ അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശം വൈറലുമായി.

ഇടുക്കി: യാത്രക്കാരിയുടെ ആവശ്യപ്രകാരം ഈരാറ്റുപേട്ടയില്‍ നിന്ന് സര്‍വ്വീസ് പുനരാരംഭിച്ച. ബസിന് ചങ്ക് എന്ന് പേരിട്ടു. ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ബസിന് പേരിടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ആ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ എത്തിയത്. ഫോണ്‍ എടുത്താകട്ടെ ആലുവ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സെപ്കടര്‍ സിടി ജോണി. ആ വണ്ടി ഞങ്ങളുടെ ചങ്കാണ് അതിനെ കൊല്ലരുതെന്നായിരുന്നു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍. ഈ ഫോണ്‍ വിളിയാണ് നാഴികക്കല്ലായ സംഭവത്തിലേക്ക് വഴിതെളിച്ചത്.

സ്ഥിരം യാത്ര ചെയ്യുന്ന ബസ് നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ആ പെണ്‍കുട്ടി പങ്കുവച്ച വേദനകള്‍ ജോണി ഉന്നത അധികാരികളെ അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശം വൈറലുമായി. ഇതോടെ പരാതി കോര്‍പ്പറേഷന്‍ ഗൗരവമായെടുത്തു. തുടര്‍ന്നാണ് ഈരാറ്റുപേട്ട കൈപ്പള്ളി കോട്ടയം കട്ടപ്പന റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ആ‍ര്‍എസ്‌പി 140 വേണാട് ബസ് ആലുവയിലേക്ക് മാറ്റാനുള്ള തീരുമാനം കെഎസ്ആര്‍‍ടിസി പിന്‍വലിച്ചത്. ഒരു ബസിനോട് യാത്രക്കാരി കാണിച്ച സ്നേഹത്തിന് സമ്മാനമായാണ് ചങ്ക് ബസിന് കെ എസ് ആര്‍ ടിസി ചങ്കെന്ന് പേരുമിട്ടത്.

ALSO READ: ഒടുവില്‍ ബസ് ആ പെണ്‍കുട്ടിക്ക് തിരികെ നല്‍കി കെഎസ്‍ആര്‍ടിസി

ബസിന്റെ മുന്‍പിലും പുറകിലും ചങ്കെന്ന് എഴുതി. എന്നാല്‍ വിളിച്ച പെണ്‍കുട്ടിയാരെന്ന് മാത്രം ഇതുവരെയും അറിഞ്ഞിട്ടില്ല. ലാന്‍ഡ് ഫോണിലേക്കാണ് വിളിച്ചത്. അതിനാല്‍ മൊബൈല്‍ നമ്പരും അറിയില്ല. ബിരുദ വിദ്യാര്‍ത്ഥിയാണെന്ന് മാത്രമാണ് അറിയാവുന്നത്. ഫോണ്‍ സംഭാഷണത്തില്‍ പേരും പറഞ്ഞില്ല.