Asianet News MalayalamAsianet News Malayalam

വൈദ്യുത വാഹന പദ്ധതി വേഗത്തിലാക്കാൻ കേന്ദ്രത്തിന്‍റെ പുതിയ തന്ത്രം

  • വൈദ്യുത വാഹന പദ്ധതിക്ക് വേഗം കൂട്ടാന്‍ ഇ–ചാലഞ്ചുമായി കേന്ദ്രം
Government plans new policy named e challenge to promote electric vehicles
Author
New Delhi, First Published Aug 3, 2018, 9:10 AM IST

ദില്ലി: രാജ്യത്തെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കാനുള്ള പദ്ധതിക്ക് വേഗം കൂട്ടാന്‍ ഇ–ചാലഞ്ചുമായി കേന്ദ്രം. വൈദ്യുത വാഹന നിർമാണശാലകൾ സ്ഥാപിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, ആയുര്‍ദൈര്‍ഘ്യം കൂടിയ ബാറ്ററികൾ നിർമിക്കുക, ബാറ്ററി ചാർജിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന 100 ദിന ഗ്ലോബൽ ചാലഞ്ചാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെല്ലുവിളി ഏറ്റെടുക്കുന്ന വാഹന നിർമാതാക്കൾക്ക് അനുകൂല സാഹചര്യമൊരുക്കാനുള്ള ചാലഞ്ച് സർക്കാരും ഏറ്റെടുക്കും.

പൊതുവാഹന നയത്തിനു പുറമെ പ്രത്യേക ഇ–വാഹന നയവും നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. രാജ്യവ്യാപകമായി ഒറ്റയടിക്കു പദ്ധതി നടപ്പാക്കില്ല. പകരം നഗരങ്ങളെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായിട്ടാവും പദ്ധതി നിർവഹണം. രാ‌ജ്യത്ത് ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള വലിയ നഗരങ്ങൾക്കായിരിക്കും ആദ്യ പരിഗണന.

രാജ്യാന്തര തലത്തിൽത്തന്നെ ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന നഗരങ്ങളായ ഗ്വാളിയർ, അലഹബാദ്, പട്ന, റായ്പുർ, ദില്ലി എന്നിവിടങ്ങളിലാവും ആദ്യം അടിസ്ഥാന സൗകര്യമേർപ്പെടുത്തുക. രണ്ടാം ഘട്ടമായി, 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും.  രാജ്യത്തെ മൂന്നിലൊന്നു വാഹനങ്ങളും 2030 നകം വൈദ്യുതിയാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios