വാഹനത്തിനു പറഞ്ഞ മൈലേജ് കിട്ടുന്നില്ലേ? ഇനി സര്‍ക്കാര്‍ സഹായിക്കും!

First Published 16, Mar 2018, 5:05 PM IST
Govt plans to set up vehicle ombudsman
Highlights
  • വാഹനമേഖലയിലെ പരാതികള്‍ക്കായി ഓംബുഡ്സമാന്‍

സ്വന്തമായി ഒരു വാഹനം എന്നത് പലരുടെയും ജീവിതാഭിലാഷമാണ്. ഒരുപാടു കാലത്തെ അധ്വാനത്തിനൊടുവില്‍ ആറ്റുനോറ്റാണ് പല സാധാരണക്കാരും വാഹനം എന്ന സ്വപ്‍നം സാക്ഷത്കരിക്കുന്നത്. വാഹനം കൈമാറുന്നതു വരെ ഡീലര്‍മാരും നിര്‍മ്മാതാക്കളും തേനൂറുന്ന സ്വരത്തിലാവും സംസാരിക്കുക. എന്നാല്‍ വാഹനം കൈമാറിക്കഴിഞ്ഞാലോ പലപ്പോഴും സ്വരം മാറും. പിന്നെ ഉടമകൾ നിരവധി പരാതികളുടെ ഉടമകളായി മാറുന്നതാണ് പതിവ് കാഴ്ച. പറഞ്ഞ മൈലേജില്ല, സർവീസ് നല്ലതല്ല എന്നിങ്ങനെയുള്ള പരാതികളുമായി സമീപിച്ചാല്‍ കമ്പനികളും ഡീലർമാരും പലപ്പോഴും കൈമലർത്തും. വാഹനം ബുക്ക് ചെയ്ത ശേഷം ഡീലര്‍ഷിപ്പ് പൂട്ടിപ്പോയതിനാല്‍ ഉപഭോക്താവിന് പണം നഷ്ടപ്പെട്ട സംഭവവും അടുത്തകാലത്താണ്.

ഈ പ്രശ്‍നങ്ങള്‍ക്കൊക്കെ ഒരു  പരിഹാരമാവുന്നതാണ് പുതിയ വാര്‍ത്ത. വാഹനമേഖലയിലെ പരാതികള്‍ക്കായി ഒരു ഓംബുഡ്സമാനെ നിയമിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കിങ്, ഇഷുറൻസ് മേഖലകള്‍ക്കു സമാനമായി വാഹനമേഖലയില്‍പരാതിയുണ്ടെങ്കിൽ ഓംബുഡ്‌സമാനെ സമീപിക്കാം. വാഹന വില്പന മുതൽ സർവീസ്, റിപ്പയർ എന്ന് തുടങ്ങി എല്ലാ പരാതികളും പരിഹരിക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
 
ഇതിന്‍റെ ഭാഗമായി ഒരു ദേശീയ വാഹന നയം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോമോട്ടീവ് ഓംബുഡ്സ്മാൻ ഉള്‍പ്പെടെ ഈ നയത്തിന്റെ കരടില്‍ നിരവധി നിർദേശങ്ങളുണ്ട്. കമ്പനികളുടെയും ഡീലർമാരുടെയും സേവനങ്ങളെ കുറിച്ച് കസ്റ്റമേഴ്സിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സംവിധാനം, ഇതിന്റെ അടിസ്ഥാനത്തിൽ ഡീലർമാർക്ക് സ്റ്റാർ റേറ്റിങ് തുടങ്ങിയവയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയിലുണ്ട്.

loader