എസ്‍യുവികള്‍ക്ക് കിടിലന്‍ ഓഫറുകളുമായി മഹീന്ദ്ര ഒരു ലക്ഷം രൂപ വിലക്കുറവില്‍ XUV 500!

എസ്‍യുവികള്‍ക്ക് കിടിലന്‍ ഓഫറുമായി രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. XUV 500, സ്‌കോര്‍പിയോ, കെയുവി100 തുടങ്ങിയ വാഹനങ്ങളാണ് മോഹവിലയില്‍ വില്‍ക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നത്. 

രൂപഭംഗിയും തലയെടുപ്പും കൊണ്ട് വാഹനപ്രേമികള്‍ക്ക് ഇഷ്‍ട മോഡലായ XUV 500നാണ് ഞെട്ടിപ്പിക്കുന്ന ഓഫര്‍. XUV 500 ഒരു ലക്ഷം രൂപ വരെ വിലക്കിഴിവില്‍ നല്‍കാനാണ് മഹീന്ദ്രയുടെ തീരുമാനം. അടുത്തിടെ എക്‌സ്‌യുവി-500 മുഖം മിനുക്കിയെത്തിയിരുന്നു. ഇതിനു മുമ്പുള്ള പഴയ മോഡല്‍ വാഹനങ്ങളാണ് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം നല്‍കി വില്‍ക്കാന്‍ കമ്പനി ഒരുങ്ങുന്നത്. 

എക്‌സ്‌യുവി 500-ന്റെ ടോപ്പ് എന്‍ഡ് വേരിയന്റായ ഡബ്ല്യു-10 ന്റെ ഓട്ടോമാറ്റിക്, മാനുവല്‍ മോഡലുകള്‍ക്ക് കമ്പനി ഒരു ലക്ഷം രൂപ വരെയാണ് വില ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സണ്‍ റൂഫ്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ബ്ലാക്ക് തീം ഇന്റീരിയര്‍ എന്നിവ ഈ മോഡലിലെ മാത്രം പ്രത്യേകതയാണ്.

എക്‌സ്‌യുവി-500-ന്റെ ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു9 വേരിയന്റുകള്‍ക്ക് 91,000 രൂപയുടെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌യുവി 500 ഡബ്ല്യു 6 ഓട്ടോമാറ്റിക് മോഡല്‍ ഇനി 17.5 ലക്ഷം രൂപയ്ക്ക് നിരത്തിലെത്തും. 

സ്‌കോര്‍പിയോ, കെയുവി100, എന്നീ വാഹനങ്ങക്ക് 20,000 മുതല്‍ 40,000 വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോര്‍പിയോയുടെ ടോപ്പ് എന്‍ഡ് വേരിയന്റായ എസ്-11 ന് 20,000 രൂപയും കുറയും.