200 സിസി സ്‌പോര്‍ട് ബൈക്ക് ശ്രേണിയിലേക്ക് എക്‌സ്ട്രീം 200S മോഡലുമായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോ കോര്‍പ്പ്. 200-250 സിസി എന്‍ജിന്‍ നിരയിലേക്കുള്ള കമ്പനിയുടെ അരങ്ങേറ്റ വാഹനമാണിത്.

എക്‌സ്ട്രീം സ്‌പോര്‍ടിസിന്റെ രൂപഘടനയില്‍ പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് വാഹനം നിമ്മിച്ചിരിക്കുന്നത്. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് എക്‌സ്ട്രീം 200S കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 200 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുനന്ത്. ഈ എഞ്ചിന്‍ 18.5 ബിഎച്ച്പ് പവറും 17.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. സുരക്ഷക്ക് എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഉണ്ടാകും. ഇത് ഓപ്ഷണലാവും. പരമാവധി 1.10 ലക്ഷം രൂപയ്ക്കുള്ളിലാകും പ്രതീക്ഷിക്കുന്ന വിപണി വില.

മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത. 45-50 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫ്രണ്ട് കൗളിലെ എയര്‍ വെന്റ്‌സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്‌പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് 200 സിസി എക്‌സ്ട്രീമിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ബജാജ്‌ പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ 200 എന്നിവരാണ് എക്‌സ്ട്രീമിന്റെ എതിരാളികള്‍.

മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കുന്നതിനായി നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുള്ളില്‍ പുതിയ മൂന്നു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് നേരത്തെ പ്രഖ്യാച്ചിരുന്നു.