കൊച്ചി: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൈക്കുകളില്‍ ചീറിപ്പായുന്നവരെ കുടുക്കാന്‍ നഗരങ്ങളിലെ ഇടറോഡുകളില്‍ അത്യാധുനിക നിരീക്ഷണ ക്യാമറകളുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തു വരുന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍ ബൈക്കുകളെ നിരീക്ഷിക്കാനും മത്സര ഓട്ടം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി കൊച്ചിയിലെ ഇടറോഡുകളിലാണ് ആദ്യം നടപ്പിലാക്കുന്നത്. കൊച്ചി പനമ്പിള്ളി നഗര്‍ മേഖലയിലെ ഇടറോഡുകളിലാണ് ആദ്യം ക്യാമറ സ്ഥാപിക്കുക.

ഈ ക്യാമറകള്‍ എവിടെയൊക്കെയാണ് ഉള്ളതെന്നും റോഡിന്റെ ഏതു വശത്തേക്കാണ് തിരിച്ചു വെയ്ക്കുന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ ദിശകളില്‍ സൂം ചെയ്ത് 60 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഈ ഒളിക്യാമറകള്‍ക്ക് സാധിക്കും. നൈറ്റ് വിഷന്‍ സംവിധാനമുള്ളതിനാല്‍ രാത്രികാലത്തും ഉപയോഗിക്കാം.

പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. വിജയകരമായാല്‍ നഗരത്തിലെ മറ്റു പല ഇടങ്ങളില്‍ ഇതേ രീതിയിലുള്ള രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.