സ്വിഫ്റ്റിന്‍റെ പെര്‍ഫോമെന്‍സ് മോഡലായ ആര്‍ എസുമായി മാരുതി വരുന്നു. 2019 ഏപ്രിലില്‍ വാഹനം നിരത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ അവതരിപ്പിച്ച ബലേനോ ആര്‍എസിനെ ഓര്‍മ്മിപ്പിക്കും വിധമാവും സ്വിഫ്റ്റ് ആര്‍എസിന്റെയും വരവെന്നാണ് സൂചന.

ആര്‍ എസ് എന്ന ബാഡ്ജിങ്ങായിരിക്കും വാഹനത്തിന്‍റെ മുഖ്യ സവിശേഷത. വീതിയേറിയ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, റൂഫ് സ്പോയിലര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ദൃഢപ്പെടുത്തിയ സസ്‌പെന്‍ഷന്‍ തുടങ്ങിയവ വാഹനത്തിലുണ്ടാകും. 

ബലേനോ ആര്‍എസിലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാവും സ്വിഫ്റ്റ് ആര്‍എസിന്‍റെയും ഹൃദയം. 5500 ആര്‍പിഎമ്മില്‍ 101 ബിഎച്ച്പി പവറും 1700-4500 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്‍മിഷന്‍.  7.80 ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെയൊണ് പ്രതീക്ഷിക്കുന്ന വില.