ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം ഹോണ്ട സിറ്റിക്ക്. ഇടത്തരം സെഡാനായ ‘സിറ്റി’യുടെ ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഏഴു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട വ്യക്തമാക്കി. എച്ച് സി ഐ എൽ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റി വിൽപ്പനയ്ക്കു തുടക്കമിട്ടത്. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം. നാലു തലമുറകളായി തുടരുന്ന ശക്തമായ പാരമ്പര്യത്തിന്റെ പിൻബലത്തിൽ ഉപയോക്താക്കളുടെ മാറുന്ന അഭിരുചികളോട് നീതി പുലർത്താൻ സിറ്റിക്കു സാധിച്ചിട്ടുണ്ടെന്നും ഊനൊ വിലയിരുത്തി.

ആഗോളതലത്തിൽ അറുപതോളം രാജ്യങ്ങളിലാണു ഹോണ്ട ‘സിറ്റി’ വിൽപ്പനയ്ക്കുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകളുമായി മാനുവൽ ട്രാൻസ്മിഷനോടെയും പെട്രോളിനൊപ്പം ആധുനിക സി വി ടി ഗീയർബോക്സ് സഹിതവും വിൽപ്പനയ്ക്കുള്ള ‘സിറ്റി’യുടെ നാളിതുവരെയുള്ള മൊത്തം വിൽപ്പന 36 ലക്ഷം യൂണിറ്റിലേറെയാണ്.

കീ രഹിത എൻട്രി, ഇലക്ട്രിക് സൺറൂഫ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ, ബ്ലൂടൂത്ത് ഹാൻഡ്സ്ഫ്രീ, ‘ഡിജിപാഡ്’ എന്നു പേരിട്ട 17.7 സെന്റിമീറ്റർ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, റിവേഴ്സ് കാമറ — പാർക്കിങ് സെൻസർ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് എയർ കണ്ടീഷനർ, ലതർ സീറ്റ്, 16 ഇഞ്ച് അലോയ്സ വീൽ, ഇ ബി ഡി സഹിതം എ ബി എസ്, എയർ ബാഗ് എന്നിവയെല്ലാം സഹിതമാണു ഹോണ്ട ‘സിറ്റി’യെ വിൽപ്പനയ്ക്കെത്തിക്കുന്നത്.

ജാപ്പനീസ് കാര്‍ നിര്‍മാതാക്കാളായ ഹോണ്ടയുടെ പ്രധാന വിപണികളിലൊന്നായി മാറുകയാണ് ഇന്ത്യ. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ള ഏഷ്യ- ഓഷ്യാന മേഖലയിലെ ഹോണ്ടയുടെ പ്രധാന വിപണിയായിരുന്ന ഇന്‍ഡൊനീഷ്യയെ പിന്നിലാക്കിയാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റീട്ടെയില്‍ വില്‍പ്പനയില്‍ 22 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ കമ്പനി കൈവരിച്ചത്. ഈ വര്‍ഷം ആദ്യ ഒമ്പതുമാസക്കാലയളവില്‍ 1.35 ലക്ഷം യൂണിറ്റുകള്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചു. സെഡാനായ സിറ്റിയുടെയും ക്രോസ് ഓവര്‍ എസ്.യു.വി. യായ ഡബ്ല്യു.ആര്‍.വി. യുടെയും വില്‍പ്പനയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

ഇന്‍ഡൊനീഷ്യയില്‍ ആദ്യ ഒമ്പതുമാസക്കാലയളവില്‍ 1.30 ലക്ഷം യൂണിറ്റുകളാണ് ഹോണ്ട വിറ്റത്. ഇന്ത്യന്‍ വിപണിയുടെ 70 ശതമാനവും വരുന്ന ചെറു കാറുകളുടെ വില്‍പ്പനയ്‌ക്കൊപ്പം പ്രീമിയം കാറുകളുടെ വില്‍പ്പന വര്‍ധിക്കുന്നത് പ്രതീക്ഷയോടെയാണ് കമ്പനി കാണുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ആറു കാര്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.