ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുത്തന്‍ അര്‍ബന്‍-സ്‌കൂട്ടര്‍ ഗ്രാസിയ നവംബർ എട്ടിന് ഇന്ത്യൻ വിപണിയിലെത്തും. അത്യാധുനിക അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയിലൂടെ അര്‍ബന്‍ ഉപഭോക്താക്കളെയാണ് ഹോണ്ട ലക്ഷ്യമിടുന്നത്. സ്കൂട്ടറിന്റെറ ടീസറാണ് ഹോണ്ട ആദ്യം പുറത്ത് വിട്ടത്. എന്നാൽ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ ഗ്രാസിയയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്. അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്ര. നവിയില്‍ നിന്നും ക്ലിഖില്‍ നിന്നും തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഗ്രാസിയക്ക്. വലുപ്പമേറിയ V-Shaped ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. ആക്ടിവയ്ക്ക് സമാനമായ വലിയ ഫ്രണ്ട് വീലും ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഗ്രാസിയയില്‍ ഒരുങ്ങിയിട്ടുള്ളത്.

ഹോണ്ടയുടെ കോമ്പി-ബ്രേക്ക് ടെക്‌നോളജിയും പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി മെറ്റല്‍ ഫൂട്ട്‌പെഗുകളും ഗ്രാസിയയുടെ പ്രത്യേകതകളാണ്. നിലവിലുള്ള 110 സിസി എഞ്ചിനില്‍ തന്നെയാകും പുത്തന്‍ ഗ്രാസിയയും അണിനിരക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രാസിയയുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും 2000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറിനെ ബുക്ക് ചെയ്യാം. ഏകദേശം 60,000 മുതൽ 65,000 രൂപ വരെയായിരിക്കും ഗ്രാസിയയുടെ ഇന്ത്യൻ വിപണിയിലെ വില. സുസുക്കി ആക്സസ് 125, വെസ്പ വി എക്സ്, മഹീന്ദ്ര ഗസ്റ്റോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍.

ഈ വര്‍ഷം പുതിയ നാല് മോഡലുകളെ ഇന്ത്യയില്‍ അണിനിരത്തുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആഫ്രിക്ക ട്വിന്‍ AT, ക്ലിഖ് സ്‌കൂട്ടര്‍ എന്നിവ വിപണിയിലെത്തിക്കഴിഞ്ഞു.

