Asianet News MalayalamAsianet News Malayalam

ആക്ടീവയുടെ ചിറകിലേറി ചരിത്ര നേട്ടവുമായി ഹോണ്ട!

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ  ഇന്ത്യയിലെ സ്‌കൂട്ടര്‍ വില്‍പന രണ്ടരക്കോടി കടന്നു. ജനപ്രിയ സ്‌കൂട്ടര്‍ ആക്ടീവയുടെ ബലത്തിലാണ് ഹോണ്ടയുടെ ഈ നേട്ടം. 

Honda scooter sales cross 2.5 crore Milestone In India With Activa
Author
Mumbai, First Published Nov 20, 2018, 5:10 PM IST

മുംബൈ: ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ  ഇന്ത്യയിലെ സ്‌കൂട്ടര്‍ വില്‍പന രണ്ടരക്കോടി കടന്നു. ജനപ്രിയ സ്‌കൂട്ടര്‍ ആക്ടീവയുടെ ബലത്തിലാണ് ഹോണ്ടയുടെ ഈ നേട്ടം. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടം കഴിഞ്ഞ മാസം ആക്ടീവ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഹോണ്ടയുടെ ഈ ചരിത്ര നേട്ടം. 

2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്. 15 വര്‍ഷം കൊണ്ട് 2016ല്‍ ആണ് വാഹനം ആദ്യ ഒരു കോടി യൂണിറ്റ് തികച്ചത്. എന്നാല്‍ പിന്നീട് വെറും മൂന്ന് വര്‍ഷം കൊണ്ടാണ് അടുത്ത ഒരു കോടി യൂണിറ്റുകള്‍ കൂടി കമ്പനിക്ക് വിറ്റഴിച്ചത്.

നിരത്തിലെത്തിയ ആദ്യ വര്‍ഷം 55,000 യൂണിറ്റ് ആക്ടീവയാണ്‌ കമ്പനി വിറ്റഴിച്ചിരുന്നത്. 2003-ല്‍ അഞ്ചു ലക്ഷം യൂണിറ്റും 2005-ല്‍ പത്തു ലക്ഷം മാര്‍ക്കും പിന്നിടാന്‍ സാധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എതിരാളികളെ പിന്നിലാക്കി മികച്ച വിജയം തുടരാന്‍ ആക്ടീവയ്ക്ക് സാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 50 ലക്ഷം സ്‌കൂട്ടറുകള്‍ കൂടി വിറ്റഴിച്ചു. അങ്ങനെ നിലവില്‍ രണ്ടരക്കോടി സ്‌കൂട്ടര്‍ വിറ്റഴിച്ച ഇന്ത്യയിലെ ഏക വാഹന നിര്‍മാതാക്കളായിരിക്കുകയാണ് ഹോണ്ട. 

നിലവില്‍ ആക്ടീവ 5ജി, ആക്ടീവ ഐ, ആക്ടീവ 125 എന്നീ മൂന്ന് വേരിയന്റുകളില്‍ ആക്ടീവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഒപ്പം ക്ലിക്ക്, ഗ്രാസിയ തുടങ്ങിയവ കൂടി ഉള്‍പ്പെടുന്നതാണ് ഹോണ്ടയുടെ ഇന്ത്യയിലെ സ്‍കൂട്ടര്‍ ശ്രേണി.

ഹോണ്ടയെ വിശ്വാസത്തിലെടുത്ത രണ്ടര കോടി ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ഹോണ്ട ആക്റ്റീവ ഇന്ത്യക്കാരുടെ ഡ്രൈവിങ് ശീലത്തെ മാറ്റിമറിച്ചെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.  ഡ്രൈവിങ് കൂടുതല്‍ ആഹ്‌ളാദം പകരുന്നതിന് ഹോണ്ട എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios