കുതിരയും നായ്‍ക്കളും എല്ലാ കാലത്തും മനുഷ്യജീവിത്തിലെ ഒഴിവാക്കാനാവാത്ത രണ്ട് മൃഗങ്ങളാണ്. ഇപ്പോള്‍ ടാറ്റയുടെ കൂടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഈ രണ്ടു മൃഗങ്ങളുടെയും കരുത്തിനെയും വിശ്വസ്തതയെയും കൂട്ടിയിണക്കിക്കൊണ്ട് പുറത്തിറക്കിയ ഒരു വീഡിയോ ആണ് വാഹനലോകത്തെ കൗതുകങ്ങളിലൊന്ന്.

വായുവിലൂടെ കരണം മറിഞ്ഞും ട്രെയിനും ഫ്ളൈറ്റുമൊക്കെ കെട്ടിവലിച്ചും വാഹനങ്ങളുടെ ശേഷി പ്രദർശിപ്പിക്കാൻ പല വഴികളും ലാന്‍ഡ് റോവര്‍ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇത്തവണ വേറിട്ടൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. മഞ്ഞിലൂടെ ചെന്നായ്ക്കളെ ഓടി തോൽപ്പിച്ചാണ് ലാൻഡ് റോവർ, 2018 ഡിസ്‌കവറി സ്‌പോർട്ടിന്റെ കഴിവ് ആരാധകരെ ബോധ്യപ്പെടുത്താനിറങ്ങിയിരിക്കുന്നത്.

സൈബീരിയൻ കാലാവസ്ഥയിൽ ജീവിക്കുന്ന ഏറെ പ്രത്യകതയുള്ള ഹസ്‌കി നായ്ക്കള്‍. ഇത്തരം ആറ് ഹസ്‍കി നായ്‍ക്കളുമായിട്ടാണ് 2018 ഡിസ്‌കവറി സ്‌പോര്‍ടിന്‍റെ മത്സരം. ഫിന്നിഷ് മിഡില്‍ ഡിസ്റ്റന്‍സ് ചാമ്പ്യന്‍ ലൊറ കാരിയാനിയന്‍ നേതൃത്വം നല്‍കിയ ഹസ്‌കി പടയ്ക്കെതിരെയാണ് ഡിസ്കവറി സ്പോർട്സ് മത്സരിച്ചത്. ഫിന്‍ലാന്‍ഡിലെ പ്രശസ്ത വെസ്‌ലപിസ് സ്‌കൈ ടണലില്‍ വെച്ചായിരുന്നു മത്സരം. 286 ബിഎച്ച്പി കരുത്തുള്ള 2.0 ലീറ്റര്‍ പെട്രോൾ എഞ്ചിൻ‌ മോ‍ഡലാണ് മത്സരത്തിനായി ഉപയോഗിച്ചത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലില്ി‍ മൈനസ് 2 ഡിഗ്രി സെഷ്യല്‍സാണ് ഊഷ്‍മാവ്.

എസ്‌യുവിയുടെ റേസ് ട്രാക്കിൽ കുറച്ച് ഓഫ് റോഡ് പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു. എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് മികവ് കാണിക്കുന്നതിനായിരുന്നു കമ്പനി ശ്രമിച്ചത്. ഏറെ പ്രതിബന്ധങ്ങൾ കടന്ന് ഹസ്‌കി പടയെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് പരാജയപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. എന്തായാലും നായ്ക്കളെക്കാള്‍ കരുത്തുണ്ട് കുതിരശക്തിക്കെന്ന് ലാന്‍ഡ്രോഴര്‍ വീഡിയോയിലൂടെ തെളിയിച്ചതെന്ന് ചുരുക്കം.