വിദേശനിര്‍മ്മിത കാറുകള്‍ ദൃഢതയ്ക്കും സുരക്ഷയ്ക്കും പേരുകേള്‍ക്കുമ്പോള്‍ ഇന്ത്യന്‍ കാറുകളെ 'തകരപ്പാട്ട'യാണെന്ന് വിളിച്ച് കളിയാക്കുന്നവരാണ് നമ്മളില്‍ പലരും. ഒരുപരിധിവരെ ഇതു സത്യവുമാണ്. കാരണം മിക്ക അപകടങ്ങളിലും ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കാറുകള്‍ തവിടുപൊടിയാകുന്നതും ജര്‍മ്മന്‍, അമേരിക്കന്‍ നിര്‍മ്മിത മോഡലുകള്‍ പിടിച്ചു നില്‍ക്കുന്നതും കാണുന്നവര്‍ എങ്ങനെ ഇങ്ങനെ പറയാതിരിക്കും? ഇന്ധനക്ഷമതയ്ക്ക് വേണ്ടി ഭാരം കുറയ്ക്കാനുള്ള മത്സരമാണ് ഇന്ത്യന്‍ കാറുകളുടെ ബലഹീനതക്ക് പിന്നിലെന്നത് ഒരു നഗ്നസത്യമാണ്. പക്ഷേ മൈലേജിനെക്കാള്‍ വലുതാണ് ജീവന്‍ എന്ന് ഉപഭോക്താക്കള്‍ ചിന്തിച്ചു തുടങ്ങിയതോടെ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളും ഉണര്‍ന്നു തുടങ്ങിയെന്നാണ് വാഹന ലോകം പറയുന്നത്. ഇതിനുദാഹരണമായി അടുത്തിടെ നടന്ന ചില അപകടങ്ങളെ ചൂണ്ടിക്കാട്ടുകയാണ് അവര്‍.

കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽ നിന്ന് രക്ഷപ്പെട്ട ടാറ്റ ഹെക്‌സയുടയും കുത്തിയൊഴുകിയ വെള്ളത്തെ അതിജീവിച്ച ടിഗോന്‍റെയും ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തലകീഴായി മറിഞ്ഞ ടാറ്റ ടിയാഗൊയുടെ ചിത്രമാണ് വൈറലാകുന്നത്.

പൂനെയിലാണ് അപകടം. അമിത വേഗതയില്‍ സഞ്ചരിച്ച ടിയാഗൊ റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. പെട്ടെന്ന് പെയ്‍ത കനത്ത മഴയില്‍ കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു അപകടം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കനത്ത ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തലകീഴായാണ് മറിഞ്ഞത്. അപകടത്തില്‍ കാര്യമായ പരിക്കില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ച ടിയാഗൊയുടെ A-Pillar, യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയായിരുന്നു.

ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണിപിടിച്ചിരുന്നു. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിന്‍, 69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ എന്നിവ ടിയാഗോക്ക് കരുത്ത് പകരുന്നു. 3.33 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ആരംഭവില. ടിയാഗൊയുടെ എക്സ് ടി എ വകഭേദത്തിന്‍റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് ടാറ്റ മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയിരുന്നു.