ഹ്യുണ്ടായ് ഇന്ത്യന്‍ സൈന്യത്തെ പ്രമേയമാക്കി പുറത്തിറക്കിയ പരസ്യചിത്രം 11 ദിവസങ്ങൾ കൊണ്ട് കണ്ടത് 10 കോടി ആളുകള്‍

ഇന്ത്യയിലെത്തിയതിന്‍റെ 20 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യന്‍ സൈന്യത്തെ പ്രമേയമാക്കി പുറത്തിറക്കിയ പരസ്യചിത്രം 11 ദിവസങ്ങൾ കൊണ്ട് കണ്ടത് 10 കോടി ആളുകള്‍. ജനപ്രിയവാഹനം സാന്‍ട്രോയുടെ തിരിച്ചുവരവിനിടെ ബ്രില്യന്റ് മൊമന്റ്സ് എന്ന ഈ പരസ്യ സീരീസ് വീഡിയോകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് ഹ്യുണ്ടായിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്; ഒപ്പം എതിരാളികള്‍ക്ക് ഒരല്‍പ്പം ഭീതിയും.

Add Asianetnews as a Preferred SourcegooglePreferred

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ യുവ സൈനികരുമായി സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തനിക്ക് ആദ്യം നിയമനം ലഭിച്ച കാര്‍ഗിലിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുകയാണ് അദ്ദേഹം. യാത്രാമദ്ധ്യേ ട്രെയിന്‍ എന്‍ജിന്‍ പണിമുടക്കിയതും തുടര്‍ന്ന് കാര്‍ഗിലിലേക്കുള്ള ബാക്കിദൂരം നടന്നതും ഇതിനിടയില്‍ ഒരാള്‍ തന്‍റെ സാന്‍ട്രോ കാറില്‍ ലിഫ്റ്റ് കൊടുത്തതും അയാള്‍ വിവരിക്കുന്നു.

തന്റെ ഇന്റര്‍വ്യൂ വരെ വേണ്ടെന്ന് വെച്ച് ആ യുവാവ് കൃത്യസമയത്ത് സൈനികനെ കാര്‍ഗിലിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. രാജ്യത്തെ സേവിക്കുന്നവരാണ് ആദ്യം സേവിക്കപ്പെടേണ്ടതെന്നു പറഞ്ഞ് യാത്രപറയുന്ന ആ യുവാവിനു മുന്നില്‍ സൈനികന്‍ അമ്പരന്നു നില്‍ക്കുന്നു.

ആ മനുഷ്യനെ മുതിര്‍ന്ന സൈനികന്‍ യുവ സൈനികര്‍ക്ക് പരിചയപ്പെടുത്തുന്ന ഇടത്തുവച്ചാണ് പരസ്യം അവസാനിക്കുന്നത്. നടന്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയാണ് മുതിര്‍ന്ന സൈനികനെ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രില്യന്റ് മൊമന്റ്സിലെ ആദ്യ പരസ്യമായ ഡീൽ വിത്ത് ആക്സെന്റിന് 17ദിവസം കൊണ്ട് 10 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോഴാണ് സാൻട്രോ ഓർമ്മകൾ പങ്കുവെച്ച പട്ടാള പരസ്യത്തിന് 11 ദിവസങ്ങൾക്കൊണ്ട് 10 കോടി കാഴ്ച്ചക്കാരെ ലഭിച്ചത്.