ലോകത്തിലെ ആദ്യ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനവുമായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹന ഘടക നിര്‍മാതാക്കളായ ഹ്യുണ്ടായി മോബിസ്.
കാറിലെ പിന്‍നിര യാത്രക്കാര്‍ക്ക് തുറന്ന കാഴ്ച പ്രദാനം ചെയ്യുകയാണ് പനാരോമിക് സണ്‍റൂഫുകളുടെ ലക്ഷ്യം. പ്രത്യേക ടെമ്പേര്‍ഡ് ഗ്ലാസില്‍ നിര്‍മ്മിതമായ പനാരോമിക് സണ്‍റൂഫുകള്‍ക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. എന്നാല്‍ സണ്‍റൂഫുള്ള വാഹനം ഇടിച്ചാലോ കീഴ്‌മേല്‍ മറിഞ്ഞാലോ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും അപകടങ്ങളില്‍ സണ്‍റൂഫിലൂടെ യാത്രക്കാര്‍ എടുത്തെറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനം ഹ്യുണ്ടായി മൊബിസ് വികസിപ്പിച്ചിരിക്കുന്നത്.
പനോരമിക് സണ്‍റൂഫ് മോഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന പ്രത്യേക എയര്‍ബാഗ് 0.08 സെക്കന്‍ഡ് കൊണ്ട് വികസിച്ച് യാത്രക്കാരുടെ കഴുത്തിനും തലയ്ക്കും സംരക്ഷണം നല്‍കും. ക്രാഷ് ഡമ്മികള്‍ ഉപയോഗിച്ചുള്ള റോഡ് ടെസ്റ്റില്‍, മുകളിലേക്ക് എടുത്തെറിയപ്പെടുന്ന യാത്രക്കാരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ തലയ്ക്ക് ഗുരുതര പരുക്കുകളില്‍ നിന്നും സംരക്ഷണമേകാനും പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനത്തിന് സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ കാര്‍ മറിയുന്ന സാഹചര്യത്തില്‍ സെന്‍സറുകള്‍ മുഖേന സണ്‍റൂഫ് എയര്‍ബാഗ് സുരക്ഷ ഉറപ്പ് വരുത്തും. പരീക്ഷണത്തില്‍ കേവലം 0.08 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ സണ്‍റൂഫ് എയര്‍ബാഗ് പൂര്‍ണമായും പുറത്ത് വന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം.
കാര്‍ സണ്‍റൂഫിന്റെയുള്ളില്‍, ഫ്രണ്ട്-റിയര്‍ എന്‍ഡുകള്‍ നീളെയാണ് പനാരോമ സണ്‍റൂഫ് എയര്‍ബാഗുകള്‍ ഇടംപിടിക്കുക. കാറില്‍ ഒരുങ്ങുന്ന കര്‍ട്ടന്‍ എയര്‍ബാഗുകള്‍ക്ക് സമാനമാണ് പുതിയ സണ്‍റൂഫ് എയര്‍ബാഗും.
പ്രധാന വാഹന വിപണികളായ ചൈനയിലും ഇന്ത്യയിലും സണ്‍റൂഫുള്ള വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തരം എയര്‍ബാഗിനെ ഹ്യുണ്ടായി മോബിസ് വികസിപ്പിച്ചത്. വാഹന സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സണ്‍റൂഫ് എയര്‍ബാഗിന് ഏറെ പ്രാധാന്യം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പുതിയ സണ്‍റൂഫ് എയര്‍ബാഗ് ടെക്‌നോളജിയില്‍ 11 പേറ്റന്റുകളാണ് ഹ്യുണ്ടായി മൊബിസ് നേടാന്‍ ശ്രമിക്കുന്നത്. വികസിപ്പിച്ച സണ്‍റൂഫ് എയര്‍ബാഗ് സുരക്ഷാ പഠനത്തിനായി യുഎസ് ആസ്ഥാനമായ സേഫ്ടി ഏജന്‍സിയായ നാഷണല്‍ ഹൈവേ ട്രാഫിക് അഡ്മിനിസ്‌ട്രേഷനു സമര്‍പ്പിച്ചു.
ഇന്റര്‍-പാസഞ്ചര്‍ എയര്‍ബാഗ് ഉള്‍പ്പെടെ എയര്‍ബാഗ് ടെക്‌നോളജിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്ന ഹ്യുണ്ടായി മൊബിസ് 2002 മുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള എയര്‍ബാഗുകളുടെ ഉത്പാദനത്തില്‍ സജീവമാണ്.
