ദില്ലി: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റ‍ിഡിന്‍റെ നെക്സ്സ്റ്റ് ജെന്‍ വെര്‍ണക്ക് വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ 'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍' പുരസ്കാരം. ഒരു പോയന്റ് വ്യത്യാസത്തില്‍ മാരുതി ഡിസയര്‍ രണ്ടാമതും ജീപ്പ് കോംപസ് മൂന്നാം സ്ഥാനത്തുമെത്തി. 18 അംഗ ജൂറിയാണ് വോട്ടെടുപ്പിലൂടെ പുതിയ വെര്‍ണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാന്‍ഡ് ഐ 10, ഐ 10 എന്നിവയ്ക്കായി 2008 മുതല്‍ അഞ്ചുതവണ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ വാഹന നിര്‍മാതാവാണ് ഹ്യുണ്ടായ്.

സെഡാന്‍ വിഭാഗത്തില്‍ മികച്ച രൂപകല്‍പ്പന, പ്രകടനം, ടെക്നോളജി, സുരക്ഷാ സംവിധാനം, യാത്രാസുഖം എന്നിവയാണ് പുതിയ വെര്‍ണയുടെ സവിശേഷതകള്‍. പെട്രോള്‍ ഡീസല്‍ എന്‍ജിനില്‍ വെര്‍ണ വിപണിയിലുണ്ട്. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 121 ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 126 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും.

100 കോടി രൂപ മുടക്കിയാണ് ഹ്യുണ്ടായ് പുതിയ വെർന നിർമ്മിച്ചെടുത്തത്. ആഗോളതലത്തിൽ ഇത് അഞ്ചാം ജനറേഷനിൽ പെട്ട വെർനയാണെങ്കിൽ, ഇന്ത്യയിൽ നാലാം ജനറേഷനാണ്. വാഹനത്തിന് ഇതുവരെ 26,000 ബുക്കിംഗും രണ്ട് ലക്ഷത്തിലധികം അന്വേഷണങ്ങളും ലഭിച്ചുകഴിഞ്ഞു.